കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് നാളെ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന കിസാന്‍ മഹാപഞ്ചായത്തിന് മഹാരാഷ്ട്രയില്‍ അനുമതിയില്ല. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി യവത്മാല്‍ ജില്ലാ ഭരണക്കൂടം അനുമതി നിഷേധിച്ചു. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ കര്‍ഷക സമരവുമായി കൂട്ടിക്കെട്ടുന്നത് അനുചിതമാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കിസാന്‍ മഹാപഞ്ചായത്തിന് അനുമതി നല്‍കരുതെന്ന് പൊലീസ് ജില്ലാ ഭരണക്കൂടത്തോട് ആവശ്യപ്പെട്ടിരുന്നു. അര്‍ധ രാത്രി മുതല്‍ ലോക്ക് ഡൗണും നിലവില്‍ വന്നു. ഈ സാഹചര്യത്തില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പങ്കെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന കിസാന്‍ മഹാപഞ്ചായത്തിന് അനുമതി നല്‍കില്ലെന്ന് യവത്മാല്‍ ജില്ലാ കലക്ടര്‍ എം ഡി സിംഗ് അറിയിച്ചു.

അതേസമയം, രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യും. സച്ചിന്‍ പൈലറ്റ് പങ്കെടുക്കുന്ന മൂന്നാമത്തെ കിസാന്‍ മഹാപഞ്ചായത്താണിത്. ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 86ാം ദിവസത്തിലേക്ക് കടന്നു. കൂടുതല്‍ സമര പരിപാടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്നേക്കും. പ്രശ്‌ന പരിഹാര ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുകയാണ്.