സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ സൂത്രധാരന്‍ ഫൈസല്‍ ഫരീദ് അടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കാന്‍ തീവ്രശ്രമവുമായി എന്‍ഐഎ. കേസിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായതോടെയാണ് നീക്കം.

എന്‍ഐഎ സമര്‍പ്പിച്ച തെളിവുകള്‍ തീവ്രവാദ കുറ്റം ചുമത്താന്‍ പോന്നതല്ലെന്ന കോടതിയുടെ നിരീക്ഷണത്തോടെ കേസിന്റെ നിലനില്‍പ് തന്നെ ചോദ്യചിഹ്നമായി. കേസില്‍ ഇനി പിടിച്ചു നില്‍ക്കണമെങ്കില്‍ മുഖ്യ സൂത്രധാരന്‍ ഫൈസല്‍ ഫരീദ് അടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കണം. ഒപ്പം യുഎഇ മുന്‍ കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമാകണം. ഇതിനായി അന്വേഷണ സംഘം ശ്രമം ശക്തമാക്കിയതായാണ് വിവരം. ഫൈസല്‍ ഫരീദിലൂടെ തീവ്രവാദ ബന്ധത്തിന് തെളിവ് കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതേസമയം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു എന്നതിനപ്പുറം നേരിട്ടുള്ള തീവ്രവാദ ബന്ധത്തിന് കൃത്യമായ തെളിവുകള്‍ ഏജന്‍സിക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ചില വിവരങ്ങള്‍ റബിന്‍സില്‍ നിന്നും ലഭിച്ചെങ്കിലും അത് സ്ഥിരീകരിക്കാന്‍ ഫൈസല്‍ ഫരീദിനെ കിട്ടണമെന്നാണ് എന്‍ഐഎ ഭാഷ്യം. ഹൈക്കോടതി ഉത്തരവ് ഫലത്തില്‍ കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യത്തിന് അവസരമൊരുക്കുമെങ്കിലും കൊഫേപോസ ചുമത്തപ്പെട്ടതിനാല്‍ സ്വപ്നയടക്കമുള്ളവര്‍ക്ക് ജയിലില്‍ തുടരേണ്ടി വരും.