പെരുമ്പാവൂരിൽ വച്ച് ഇടുക്കി സ്വദേശി പ്രമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏഴ് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട് നിന്നുമാണ് പ്രതി അശോകനെ അറസ്റ്റ് ചെയ്തത്.

2014 ജൂൺ പതിനാലിനാണ് പെരുമ്പാവൂരിലെ ദർശന എന്ന പരസ്യ സ്ഥാപനത്തിൽ ഇടുക്കി കൂട്ടാർ സ്വദേശിയായ പ്രമോദ് കൊല്ലപ്പെട്ടത്. സ്ഥാപനം നടത്തിയിരുന്ന തിരുവനന്തപുരം വേങ്കോട് സ്വദേശി അശോകനെയാണ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

അശോകൻ നടത്തിയിരുന്ന പരസ്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രമോദ്. മുടിക്കൽ എന്ന സ്ഥലത്ത് ഫ്ലക്സ് ബോർഡ് ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഒരു കുടുംബത്തിലെ പെൺകുട്ടിയെ അശോകൻ സ്ഥാപനത്തിൽ ജോലിക്കായി ക്ഷണിച്ചു. എന്നാൽ പെൺകുട്ടി ഇതിന് തയാറായില്ല. ഇതിന് കാരണം പ്രമോദ് ആണെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തി കുറച്ചു നാളുകൾക്ക് ശേഷം അശോകൻ കോഴിക്കോട്ടേക്ക് കടന്നു. അവിടെ വച്ച് ഒരാളെ ഫ്ലക്സ് ബോർഡ് തയാറാക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളിലായി കൊലപാതക ശ്രമം ഉൾപ്പെടെ ആറു കേസുകളിൽ ആറു കേസുകളിൽ പ്രതിയാണ് അശോകൻ

കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.