ഉത്തർപ്രദേശിലെ ഉന്നാവോയിലെ ദളിത് പെൺകുട്ടികളുടെ മരണകാരണം വിഷം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ അന്വേഷണം ഏറ്റെടുത്തു.

പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിൽ ശുരുതരാവസ്ഥയിൽ കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു. പോസ്റ്റുമാർട്ടം റിപ്പോർട്ട് അനുസരിച്ച് രണ്ട് പെൺകുട്ടികളുടെ മരണ കാരണം വിഷം ഉള്ളിൽ ചെന്നതാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. കന്നുകാലികൾക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ആണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

ഏത് സാഹചര്യത്തിലാണ് പെൺകുട്ടികൾ മരിച്ചത് എന്നതിനടക്കം മണിക്കൂറുകൾക്ക് ഉള്ളിൽ ഉത്തരം നൽകാൻ സാധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാ സാധ്യതകളും സംശയങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൈയും കാലും ബന്ധിച്ച അബോധാവസ്ഥയിൽ കണ്ടെത്തിയ മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഡോക്ടർമാരാണ് രണ്ട് പെൺകുട്ടികളുടെ മരണം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടിയുടെ ആന്തരികാവയവങ്ങളുടെ അവസ്ഥ മോശമാണ്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുമില്ല. അവസ്ഥ അൽപം മെച്ചപ്പെട്ടാൽ ഉടൻ പെൺകുട്ടിയെ ഡൽഹിയിലെത്തിച്ച് ചികിത്സ നൽകും. ഡൽഹിയിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യനണ് ശ്രമം. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്ന് മരിച്ച പെൺകുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് അവർ വീടിന് സമീപത്തെ വഴിയിൽ പ്രതിഷേധിച്ചു.