സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചതില്‍ കസ്റ്റംസിന് അതൃപ്തി. സുരക്ഷ പിന്‍വലിച്ചത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തെ ബാധിച്ചതായി കസ്റ്റംസ് പറയുന്നു. പ്രധാനപ്പെട്ട വ്യക്തികളെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ട്. നിര്‍ണായക ചോദ്യം ചെയ്യലുകള്‍ നീണ്ടുപോകുന്നതിന് ഇത് കാരണമായതായും കസ്റ്റംസ് പരാതിപ്പെടുന്നു. സി ഐഎസ്എഫ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ട്.

കസ്റ്റംസിന് നിലവില്‍ സിആര്‍പിഎഫ് സുരക്ഷയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിആര്‍പിഎഫിനെ സുരക്ഷാ ചുമതലയില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ സിആര്‍പിഎഫ് സുരക്ഷയില്ലാതെയാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ പിന്‍വലിച്ചത്. എന്നാല്‍ ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതാണെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. പല പ്രമുഖരെയും കസ്റ്റംസിന് ചോദ്യം ചെയ്യേണ്ടതുണ്ട്. ഇനിയും അന്വേഷണവുമായി മുന്നോട്ട് പോകേണ്ടതുണ്ട്. അപ്പോഴൊക്കെ സുരക്ഷാ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് പറയുന്നു.

പലരെയും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴും സുരക്ഷയുടെ ആവശ്യമുണ്ട്. കേന്ദ്രത്തിന് പല തവണ കത്തയച്ചിട്ടും മറുപടിയില്ലെന്നും കസ്റ്റംസ് പറയുന്നു.