കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ ട്രെയിന്‍ തടയുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച ട്രെയിന്‍ തടയല്‍ വൈകിട്ട് നാല് മണി വരെ തുടരും. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും നിരവധി ഇടങ്ങളില്‍ റെയില്‍വെ ട്രാക്കുകള്‍ ഉപരോധിച്ചു. സമരത്തോട് അനുബന്ധിച്ച് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ഓരോ ദിവസവും ശക്തമാകുകയാണ്. ട്രാക്ടര്‍ റാലിക്കും ചക്ക ജാമിനും ശേഷം ഇത് മൂന്നാമത്തെ സമര രീതിയാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടയുക.

സമരത്തിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. റെയില്‍വേ പൊലീസിനെ അധികമായി വിന്യസിച്ചു. സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴി തിരിച്ച് വിടാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.