ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ (73) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഗോവയിലായിരുന്നു അന്ത്യം.

ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്ന സതീഷ് ശര്‍മ മൂന്ന് തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. റായ്ബറേലി, അമേത്തി മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചത്. 1993 മുതല്‍ 96 വരെ പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു.

1947 ഒക്ടോബര്‍ 11ന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിലായിരുന്നു ജനനം. പൈലറ്റായിരുന്ന സതീഷ് ശര്‍മ 1983ലാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പിന്നീട് രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി മാറുകയും ചെയ്തു. 2004 മുതല്‍ 2016 വരെ മധ്യപ്രദേശിനെയും ഉത്തരാഖണ്ഡിനെയും യു.പിയെയും പ്രതിനിധീകരിച്ച്‌ രാജ്യസഭാംഗമായിരുന്നു.