യു.പിയിലെ ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളുടെ കൈകള്‍ പരസ്പരം ചുരിദാറിന്റെ ഷാള് കൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷം കഴിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ശരീരത്ത് മുറിവോ മറ്റെന്തെങ്കിലും അക്രമണമോ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. പശുക്കള്‍ക്ക് കൊടുക്കാനുള്ള പുല്ല് പറിക്കാനായി പോയ പെണ്‍കുട്ടികള്‍ തിരിച്ചു വരാന്‍ വൈകിയതോടെ, തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ ഗോതമ്ബ് പാടത്ത് നിന്ന് കണ്ടെത്തിയത്.
വായില്‍ നിന്ന് നുര പുറത്തുവന്നിട്ടുണ്ടെന്ന് പെണ്‍കുട്ടികളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഇവര്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.