കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റ് വീതംവെപ്പ് വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മണ്ഡലത്തില്‍ സ്വാധീനമുള്ള സ്ഥാനാര്‍ഥികളാണ് വേണ്ടത്. നല്ല സ്ഥാനാര്‍ഥികളെ മാത്രമേ ജനം അംഗീകരിക്കൂ. ഒരു സ്ഥാനാര്‍ഥിയുടെ കാര്യത്തിലും പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുമുള്ള തെറ്റിദ്ധാരണയും ഉണ്ടാകാന്‍ പാടില്ല. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായല്ല ഇക്കാര്യം ആവശ്യപ്പെടുന്നത്. പത്ത് വോട്ട് കിട്ടാന്‍ അനൈക്യം ഉണ്ടാക്കുന്നതിന് സംസ്ഥാനത്തിന് ദോഷം ചെയ്യും. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കണമെന്നാണ് യു.ഡി.എഫ് ആദ്യം മുതല്‍ സ്വീകരിക്കുന്ന നിലപാടെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹം. വടകരയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പാര്‍ട്ടിയാണിത്. ആര്‍.എം.പിയുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. വടകര ലോക്സഭാ മണ്ഡലത്തിലും വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും. ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളാണിവയെന്നും മുരളീധരന്‍ വ്യക്തമാക്കി.

പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. സംസ്ഥാനത്ത് നടക്കുന്ന പല സംഭവ വികാസങ്ങളും യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് വിജയമാണ് സൂചിപ്പിക്കുന്നതെന്നും മുരളീധരന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.