തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ആശങ്ക തുടരുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 69,953 ആണ്. ഓരോ ദിവസവും പരിശോധനകള്‍ വീണ്ടും കുറയുകയാണ്. ഈ കണക്കുകള്‍ കൂടാത്തതിലും കൃത്യമായ രോഗികളെ കണ്ടെത്താന്‍ സാധിക്കാത്തതിലും വിമര്‍ശനം ശക്തമാണ്.

വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തിലും സംസ്ഥാനം പിന്നോട്ടാണ്. കൊറോണ പരിശോധന കൂട്ടണമെന്ന് കേന്ദ്ര സംഘം അറിയിച്ചിട്ടും സംസ്ഥാനത്തിന് കുലുക്കമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിലും വിദഗ്ധ സംഘം വിശദീകരണം തേടിയിട്ടും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്നതാണ് വസ്തുത.
രാജ്യത്ത് വാക്‌സിന്‍ വിതരണത്തില്‍ എട്ടാം സ്ഥാനത്താണ് കേരളം. കൃത്യമായ ഏകോപനമില്ലാത്തതാണ് വാക്‌സിന്‍ വിതരണത്തില്‍ കേരളം പിന്നോട്ട് പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം, വാക്‌സിന്‍ ആശ്വാസമാകുമ്പോഴും കേരളത്തില്‍ കൊറോണാനന്തര പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്.