പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയാറാണെന്ന് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് സി.പി മുഹമ്മദ്. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം.

കോൺഗ്രസ് നേതൃത്വം പറഞ്ഞാൽ സ്ഥാനാർത്ഥിയാകുമെന്നും നേതൃത്വം ഇതുവരെ നിർദേശമൊന്നും നൽകിയിട്ടില്ലെന്നും സി.പി മുഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു. ഭരണത്തുടർച്ചയുണ്ടായാൽ തനിക്ക് നീതി ലഭിക്കില്ലെന്ന് സി.പി മുഹമ്മദ് കൂട്ടിച്ചേർത്തു.

യു.ഡി.എഫ് അനുകൂല തരംഗം ഉണ്ടായ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് നാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലമാണ് ധർമ്മടം. പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ധർമ്മടം മണ്ഡലം രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാകും. ഇടത് കോട്ടയായ ധർമ്മടത്ത് ഭൂരിപക്ഷം വർധിപ്പിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. പിണറായിക്കെതിരെ ശക്തനായ എതിരാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

മണ്ഡലം രൂപീകരിച്ച 2011 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ സമഗ്ര ആധിപത്യമാണ് ധർമ്മടത്ത്.2011ൽ സി.പി.എമ്മിലെ കെ.കെ നാരായണൻ വിജയിച്ചത് 15162 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 2016ൽ പിണറായി വിജയൻ എത്തിയതോടെ ഭൂരിപക്ഷം 36905 ആയി. ഇത്തവണ നാൽപ്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് ഇടതു ുന്നണി കണക്കു കൂട്ടുന്നു.