കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് എഐസിസി കണ്‍ട്രോള്‍ റൂം തുറക്കുന്നു. ഈ മാസം 22ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങും. ഇതോടൊപ്പം സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ റൂമിന്റെയും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനും സെക്രട്ടറിമാര്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറക്കുന്നത്.

സംസ്ഥാനത്ത് മൂന്നു മേഖലയായി തിരിച്ച് പ്രവര്‍ത്തനം നടത്തുന്ന എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥന്‍, ഇവാന്‍ ഡിസൂസ, പി വി മോഹന്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമിലിരുന്നാകും പ്രചാരണങ്ങളെ നിയന്ത്രിക്കുക. മുന്‍കാലങ്ങളില്‍ എഐസിസി പ്രതിനിധികള്‍ ഡല്‍ഹിയില്‍ നിന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ നേതാക്കള്‍ കേരളത്തില്‍ ക്യാമ്പ് ചെയ്യുന്നതിനാല്‍ ജില്ലകളുടെയും നിയോജക മണ്ഡലം കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും.

എഐസിസി കണ്‍ട്രോള്‍ റൂമിനൊപ്പം വാര്‍ റൂമിന്റെയും പ്രവര്‍ത്തനം ഉടന്‍ തുടങ്ങുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രചാരണത്തിനാണ് വാര്‍ റൂം ആരംഭിക്കുന്നത്. എഐസിസി നേതൃത്വം വാര്‍ റൂമിന്റെയും പ്രവര്‍ത്തനം നിരീക്ഷിക്കും. തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലും കോഴിക്കോടും വാര്‍ റൂം സജ്ജീകരിക്കാനും പദ്ധതിയുണ്ട്. കെപിസിസി സോഷ്യല്‍ മീഡിയ വിഭാഗത്തിനാണ് വാര്‍ റൂമിന്റെ ചുമതല. സോഷ്യല്‍ മീഡിയ സെല്‍ ഓരോ ജില്ലകളിലെയും മൂന്ന് പ്രവര്‍ത്തകര്‍ക്ക് വീതം പരിശീലനം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ എഐസിസിയുടെ നിര്‍ദേശ പ്രകാരമാകും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ഏകോപിപ്പിക്കുക. കണ്‍ട്രോള്‍ റൂമിന്റെയും വാര്‍ റൂമിന്റെയും നിയന്ത്രണം എഐസിസി ഏറ്റെടുക്കുന്നതോടെ ഇത്തവണ ചിട്ടയായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.