ഇന്ത്യയിൽ 21 പേർക്ക് കൊവിഡ് വന്നപ്പോൾ റിപ്പോർട്ട് ചെയ്തത് ഒരു കേസ് മാത്രം. എന്നാൽ കേരളത്തിൽ മൂന്നിൽ ഒന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തും കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന രീതിയിലും കാര്യക്ഷമതയിലും വ്യത്യാസമുള്ളതുകൊണ്ട് രോഗവ്യാപനം പഠിക്കാൻ സിറോ സർവെയ്‌ലൻസിനെയാണ് ആശ്രയിക്കുന്നത്. സർവെയ്‌സലൻസ് പ്രകാരം ഇന്ത്യയിൽ 21 കേസുണ്ടാകുമ്പോൾ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ഈ കണക്ക് മൂന്നിൽ ഒന്ന് എന്ന തോതിലാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ മികവിലേക്കാണ്. തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ 27 കേസുണ്ടാകുമ്പോൾ ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ 24-1 എന്നിങ്ങനെയാണ് ഈ അനുപാതം. കേരളത്തിൽ കൊവിഡ് കണക്ക് കൂടുന്നത് എന്തുകൊണ്ട് എന്നത് ഇതിൽ നിന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റൊരു പഠനം എക്‌സസ് ഡെത്ത് അനാലിസിസാണ്. കൊവിഡ് മൂലമുളഅള മരണങ്ങൾ ശാസ്ത്രീയമായി വിലയിരുത്താനാണ് ഈ പഠനം. തൊട്ട് മുൻപത്തെ വർഷത്തേതും നടപ്പ് വർഷത്തേതുമായ മരണങ്ങൾ താരതമ്യം ചെയ്യുന്ന പഠനമാണ് ഇത്. ജനുവരി 27 ന് ചില സർവകലാശാലകൾ ഇത് സംബന്ധിച്ച ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. പഠനം പ്രകാരം 51 രാജ്യങ്ങളിൽ മരണസംഖ്യയൽ ഗണ്യമായ വർധനയുണ്ടായി. 6 രാജ്യങ്ങളിൽ മരണനിരക്ക് കുറവായിരുന്നു. എന്നാൽ ഇന്ത്യയിലെ കണക്ക് പൂർണായി ലഭ്യമാകാത്തതിനാൽ ഈ പഠനത്തിൽ ഉൾപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പരിശോധന കൂടുമ്പോഴാണ് കേസുകൾ വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണനിരക്ക് കുറയ്ക്കാൻ കേരളത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ 2,63,901 മരണങ്ങളാണ് 2019 ൽ ഉണ്ടായത്. എന്നാൽ 2020 ൽ 2,34,636 മരണങ്ങളാണ്. 29,365 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. 11.2 ശതമാനം കുറവാണ് 2020ൽ കേരളത്തിലെ മരണസംഖ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.