പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് കൃത്യമായ ചട്ടങ്ങളുണ്ടോയെന്ന് ചോദിച്ച് ഹൈക്കോടതി. ചട്ടങ്ങള്‍ സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കൃത്യമായ ചട്ടങ്ങളുണ്ടോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. താത്കാലിക ജീവനക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നതിനെതിരെ വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം, വിഷ്ണു സുനില്‍ പന്തളം എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.