താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നത്. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിരവധി വകുപ്പുകളാണ് സ്ഥിരപ്പെടുത്തല്‍ ശുപാര്‍കളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത്. എന്നാല്‍ ഏറെ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.

സര്‍ക്കാര്‍ നേരത്തെ സ്ഥിരപ്പെടുത്തല്‍ നടത്തിയത് ശരിയായിരുന്നു. 10 വര്‍ഷത്തിലധികം ജോലി ചെയ്തിരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. മാനുഷികമായ സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായി. ഈ സാഹചര്യത്തിലാണ് സ്ഥിരപ്പെടുത്തല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചത്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി വിവിധ വകുപ്പുകള്‍ എത്തിച്ച ഫയലുകള്‍ തിരിച്ച് അയക്കുന്നതിനും തീരുമാനമായി.

അതോടൊപ്പം ആരോഗ്യവകുപ്പിലും റവന്യൂവകുപ്പിലും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തീരുമാനമായി. അതേസമയം, ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കുന്നതിന് ചര്‍ച്ച നടത്തേണ്ടതില്ലെന്ന തീരുമാനവും മന്ത്രിസഭായോഗമെടുത്തു.