യു.എ.ഇ യുടെ ആദ്യ ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് ആദ്യമായി പകർത്തിയ ചൊവ്വയുടെ ചിത്രം ഭൂമിയിലേക്കയച്ചു. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടന്നതിനു ശേഷം പകർത്തിയ ചിത്രമാണ് അയയ്ച്ചത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 25,000 കിലോമീറ്റർ ദൂരത്ത് നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്.

പകർത്തിയ ചിത്രത്തിൽ സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നി പർവതമായ ഒളിംപസ് മോൺസ് കാണാനാകും. സൂര്യോദയ സമയത്തെ അഗ്നി പർവതത്തിന്റെ ദൃശ്യമാണിത്. ചിത്രത്തിൽ ഒളിംപസ് മോൺസ് അഗ്നിപർവതത്തെ കൂടാതെ ആസ്ക്രിയസ്‌ മോൺസ്, പാവോനിസ് മോൺസ്, ആർസിയ മോൺസ് എന്നീ അഗ്നി പർവ്വതങ്ങളും കാണാം. ചൊവ്വയുമായി ദൂരം കുറഞ്ഞ സമയത്ത് വിക്ഷേപിക്കപ്പെട്ട മൂന്ന് ചൊവ്വാ പര്യവേഷണ ദൗത്യങ്ങളിലൊന്നാണ് യു.എ.ഇ.യുടെ ഹോപ്.

ചൊവ്വയുടെ കാലാവസ്ഥയെ കുറിച്ചുള്ള പഠനമാണ് ഹോപ് ലക്ഷ്യമിടുന്നത്. 1000 കിലോ മീറ്റർ ഭൂപരിധിയിൽ വരെ ഹോപ് ഓർബിറ്റൽ ചൊവ്വയെ വലംവെക്കും. ഒരു ചൊവ്വ വർഷക്കാലം അതായത് ഭൂമിയിലെ 687 ദിവസങ്ങൾ ഹോപ് ചൊവ്വയുടെ അന്തരീക്ഷം നിരീക്ഷിക്കും. 2021 സെപ്റ്റംബറോടെ ശേഖരിച്ച വിവരങ്ങൾ ഭൂമിയിലേയ്ക്ക് അയയ്ക്കും. ഈ വിവരങ്ങൾ ലോകത്താകമാനമുള്ള ശാസ്ത്രജ്ഞർക്ക് ലഭ്യമാകും. യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്‌ അൽ മഖ്ദൂം ട്വിറ്ററിൽ ചിത്രം പങ്കുവച്ചു.

ചൊവ്വയുടെ ഭൂപ്രകൃതിയെ കുറിച്ചും ആ ഗ്രഹത്തിന്റെ രൂപവൽക്കരണത്തെ കണ്ടെത്താനും ഹോപ് പരിശ്രമിക്കും. ഒപ്പം മനുഷ്യൻ ആകാംഷയോടെ കാത്തിരിക്കുന്ന ചൊവ്വയിലെ ജല സാന്നിധ്യം തിരിച്ചറിയിക്കുക. ജീവന്റെ തുടിപ്പുകൾ ഉണ്ടെന്ന വർത്തകളെക്കുറിച്ചുള്ള സത്യങ്ങൾ തിരിച്ചറിയുക തുടങ്ങിയ ലക്ഷ്യങ്ങളും ഹോപ്പിനുണ്ട്.