ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്ത മലയാള ചിത്രം ‘വെള്ളം’ വിജയാഘോഷം തിരുവനന്തപുരത്ത് നടന്നു. സ്വകാര്യ എഫ്.എം. ചാനല്‍ ഒരുക്കിയ ചടങ്ങില്‍ നടന്‍ ജയസൂര്യ, മഞ്ജു വാര്യര്‍, സംവിധായകന്‍ പ്രജേഷ് സെന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

തലസ്ഥാനത്ത് ജയസൂര്യ-മഞ്ജു വാര്യര്‍-പ്രജേഷ് സെന്‍ ചിത്രം ‘മേരി ആവാസ് സുനോയുടെ’ ചിത്രീകരണം പുരോഗമിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട 25 ദമ്ബതികളും വിജയാഘോഷ വേളയില്‍ പങ്കെടുത്തു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രതിസന്ധിക്കാലത്തും പ്രദര്‍ശനം തുടര്‍ന്ന ചിത്രമാണ് ജയസൂര്യ നായകനായ വെള്ളം. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായികയായി വേഷമിട്ടത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്‍റണി, ജിന്‍സ് ഭാസ്കര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

‘ക്യാപ്റ്റന്‍’ സിനിമയ്ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് ‘വെള്ളം’. ജീവിതത്തിലെ മറ്റൊരു മുരളിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ‘വെള്ളം’ ഒരുക്കിയത്.

ഇനി ‘മേരി ആവാസ് സുനോ’

ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജോണി ആന്‍്റണി, സുധീര്‍ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷന്‍.

ഡി.ഒ.പി- നൗഷാദ് ഷെരീഫ്, എഡിറ്റര്‍- ബിജിത് ബാല, സംഗീതം- എം.ജയചന്ദ്രന്‍, വരികള്‍- ബി.കെ. ഹരി നാരായണന്‍, സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ, പ്രോജക്‌ട് ഡിസൈന്‍- ബാദുഷ എന്‍.എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പനംകോട്, ആര്‍ട്ട് – ത്യാഗു തവന്നൂര്‍, മേക്കപ്പ് – പ്രദീപ് രംഗന്‍, കിരണ്‍ രാജ്, കോസ്റ്റ്യൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് – ലിബിസണ്‍ ഗോപി, ഡിസൈന്‍ – താമിര്‍ ഓക്കെ, പി.ആര്‍.ഒ- പി. ശിവപ്രസാദ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് – വിപിന്‍ കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവര്‍ക്കും ഒട്ടേറെ ചിത്രങ്ങള്‍ റിലീസിനായും ഷൂട്ടിംഗ് ആരംഭിക്കാനുമായി കാത്തിരിപ്പുണ്ട്.

സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്ത ‘ലളിതം സുന്ദരം’ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് മഞ്ജു. ബിജു മേനോന്‍ ആണ് സിനിമയിലെ നായക വേഷം ചെയ്യുന്നത്. ‘ദി പ്രീസ്റ്റ്’ ഉടന്‍ തന്നെ റിലീസ് പ്രതീക്ഷിക്കുന്ന മറ്റൊരു സിനിമയാണ്. മമ്മൂട്ടിയാണ് നായകന്‍. പടവെട്ട്‌, ചതുര്‍മുഖം, കയറ്റം, ജാക്ക് ആന്‍ഡ് ജില്‍, വെള്ളരിക്കാപ്പട്ടണം തുടങ്ങിയവയാണ് മഞ്ജുവിന്റെ മറ്റു ചിത്രങ്ങള്‍. ഇതില്‍ ‘ജാക്ക് ആന്‍ഡ് ജില്‍’ ചിത്രത്തിലെ ‘കിം കിം കിം…’ എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു.

രഞ്ജിത്ത് ശങ്കറുമായി കൈകോര്‍ക്കുന്ന ‘സണ്ണി’, മിഥുന്‍ മാനുവല്‍ തോമസിന്റെ ‘ടര്‍ബോ പീറ്റര്‍’, ‘ആട് 3’, ഇ. ശ്രീധരന്റെ കഥാപാത്രം ചെയ്യുന്ന ‘രാമ സേതു’, കടമറ്റത്തു കത്തനാരുടെ വേഷമിടുന്ന ‘കത്തനാര്‍’ തുടങ്ങിയ സിനിമകള്‍ ജയസൂര്യയുടേതായുണ്ട്.