ജോസ് കെ മാണിയെ രംഗത്തിറക്കി പാലായില്‍ മാണി സി കാപ്പനെ‌ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച മുതല്‍ മണ്ഡലത്തില്‍ പദയാത്ര ആരംഭിക്കും. കാപ്പന്‍റെ കൂറുമാറ്റത്തിനൊപ്പം സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും വിശദീകരിക്കുകയാണ് ലക്ഷ്യം.

മാണി സി കാപ്പന്‍റേത് രാഷ്ട്രീയ വഞ്ചനയെന്ന് എല്‍ഡിഎഫ് നേതൃത്വം ആവര്‍ത്തിക്കുന്നു. കാപ്പന്‍റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പാലാ മണ്ഡലത്തില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. മണ്ഡലത്തില്‍ കാപ്പന് പിന്തുണയേറുന്നുവെന്ന് വ്യക്തമായതോടെയാണ് ജോസ് കെ മാണിയെ കളത്തിലിറക്കിയുള്ള പ്രതിരോധം. പാലായുടെ വികസനം ജോസ് കെ മാണി അട്ടിമറിക്കുന്നു എന്നാണ് കാപ്പന്‍റെ ആരോപണം.

പാലായില്‍ ജോസ് കെ മാണി തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നു കൂടി വ്യക്തമാക്കുകയാണ് എല്‍ഡിഎഫ്. ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ജോസ് കെ മാണി ഒരാഴ്ചക്കകം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമെത്തും.