ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: മാരകമായ ശൈത്യകാല കൊടുങ്കാറ്റ് അമേരിക്കയുടെ തെക്ക്, മധ്യ ഭാഗങ്ങളില്‍ നാശം വിതച്ചു. ടെക്‌സസ് സംസ്ഥാനങ്ങളിലാണ് മഞ്ഞുവീഴ്ച ശക്തമായത്. പലേടത്തും ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധം താപനില പൂജ്യത്തിനും താഴേയ്ക്ക് പോയി. കാലവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു പലരും വീട്ടില്‍ തന്നെ അടച്ചിട്ടിരിക്കുകയാണ്. റോഡിലെങ്ങും മഞ്ഞ് വീണു സഞ്ചാരയോഗ്യമല്ലാതായി. കനത്ത മഞ്ഞുവീഴ്ചയും ശൈത്യ കൊടുങ്കാറ്റിനെയും തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ദശലക്ഷക്കണക്കിനാളുകള്‍ വൈദ്യുതിയില്ലാതെ വലഞ്ഞു. വളരെ അപൂര്‍വ്വമായി മാത്രമാണ് പലേടത്തും ഇന്നലെ മഞ്ഞു പെയ്തത്. ഒരു തലമുറ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശൈത്യ കൊടുങ്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചു. കഴിഞ്ഞയാഴ്ച ശീതകാല കാലാവസ്ഥ നാശം വിതച്ചതിന് ശേഷം കുറഞ്ഞത് 20 പേര്‍ ഇതിനോടകം രാജ്യത്ത് മരിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ രാജ്യത്തുടനീളം അഞ്ച് ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ വൈദ്യുതിയില്ലാതെ കഷ്ടപ്പെട്ടുവെന്ന് പവര്‍ ഔട്ടേജ് യുസ് പറയുന്നു. മിക്ക തകരാറുകളും ടെക്‌സാസിലായിരുന്നു, ഞായറാഴ്ചയും തിങ്കളാഴ്ചയും കൊടുങ്കാറ്റ് വിതച്ച കേടുപാടുകള്‍ കാരണം വൈദ്യുതി തടസ്സപ്പെട്ടു. തണുത്തുറഞ്ഞ താപനിലയില്‍ നിരവധി ആളുകള്‍ക്ക് മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ ഇപ്പോഴും കഷ്ടപ്പെടുകയാണ്. എപ്പോള്‍ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് ഒരു വിവരവുമില്ല. ഈ തടസ്സങ്ങള്‍ കാരണം ടെക്‌സസിലെ മൂന്ന് ജല ശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചുപൂട്ടി. ഏകദേശം 125,000 ആളുകളുടെ നഗരത്തിലേക്കുള്ള ശുദ്ധജല വിതരണ സേവനം എപ്പോള്‍ പുനഃസ്ഥാപിക്കുമെന്നത് വ്യക്തമല്ല. കൂടാതെ സംസ്ഥാനത്തെ പവര്‍ ഗ്രിഡിലെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് വൈദ്യുതി സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.


കടുത്ത കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും വൈദ്യുതി പുനഃസ്ഥാപിക്കാനും സംസ്ഥാനം ‘പരമാവധി വിഭവങ്ങള്‍’ വിന്യസിച്ചിട്ടുണ്ടെന്ന് ടെക്‌സസിലെ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് തിങ്കളാഴ്ച പറഞ്ഞു. നിരവധി നാഷണല്‍ ഗാര്‍ഡ് സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഹ്യൂസ്റ്റണില്‍ തണുപ്പില്‍ നിന്നും രക്ഷപ്പെടാനായി ഗാരേജില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഹീറ്റര്‍ ഓണ്‍ ചെയ്തു കിടന്നുറങ്ങിയതിനെത്തുടര്‍ന്ന് ഒരു സ്ത്രീയും പെണ്‍കുട്ടിയും കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ മൂലം മരിച്ചു. ഭവനരഹിതനായ ഒരാളെയും ഓവര്‍പാസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌സസിലെ ഷുഗര്‍ ലാന്‍ഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒരു വൃദ്ധയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടതായി പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലൂസിയാനയില്‍ ഒരാള്‍ ഐസ് തെറിച്ച് തലയില്‍ വീണ് മരിച്ചു. ടെന്നസിയില്‍ ഒരു 10 വയസുള്ള ആണ്‍കുട്ടി മഞ്ഞില്‍ തെന്നി വീണു മരിച്ചു. സാന്‍ അന്റോണിയോയില്‍ 78 വയസുകാരന്റെ മരണത്തിന് കാലാവസ്ഥാ കാരണമായതായി അധികൃതര്‍ പറഞ്ഞു. റോഡിലെ മഞ്ഞില്‍ നിന്നും തെന്നിമാറി കെന്റക്കിയിലും ടെക്‌സാസിലും 10 മരണങ്ങളാണ് സംഭവിച്ചത്. ഫോര്‍ട്ട് വര്‍ത്തിലെ ഒരു കൂട്ടയിടിയില്‍ നൂറിലധികം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഈ ആഴ്ച ശൈത്യകാലാവസ്ഥയില്‍ നിന്നുള്ള നാശത്തിനു പുറമേ തീരദേശ നോര്‍ത്ത് കരോലിനയില്‍, ഒരു ചുഴലിക്കാറ്റ് ചൊവ്വാഴ്ച വീശിയടിക്കുകയും പുലര്‍ച്ചെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശീതകാല കൊടുങ്കാറ്റുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമല്ല. എന്തായാലും കാലാവസ്ഥ മാറ്റത്തില്‍ ജനങ്ങള്‍ ജാഗരൂകരായി നിലകൊള്ളാന്‍ ദേശീയ കാലാവസ്ഥാ സേവനം മുന്നറിയിപ്പ് നല്‍കി.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെയും ന്യൂജേഴ്‌സിയുടെയും ഭാഗങ്ങള്‍ക്കുള്ള ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് റദ്ദാക്കിയതിനാല്‍ ന്യൂയോര്‍ക്ക് സിറ്റി പ്രദേശത്ത് രാത്രിയില്‍ തണുത്തുറഞ്ഞ മഞ്ഞുവീഴ്ച മാറിയെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. എന്നാല്‍ ഈ പ്രദേശത്തുടനീളം മഞ്ഞുവീഴ്ച ഉണ്ടാകുന്നത് വൈദ്യുതി മുടക്കം സൃഷ്ടിക്കുകയും അപകടകരമായ യാത്രാ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ പെന്‍സില്‍വാനിയയുടെ ചില ഭാഗങ്ങളിലും ഇത് തുടര്‍ന്നേക്കാമെന്ന് കാലാവസ്ഥാ സേവനം അറിയിച്ചു. നാലിഞ്ചോളം മഞ്ഞ് വീഴ്ചയാണ് ഇവിടെ പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം പറയുന്നു. വെര്‍മോണ്ടിലും വടക്കന്‍ ന്യൂയോര്‍ക്കിലും ജാഗ്രത മുന്നറിയിപ്പ് നിലവിലുണ്ട്. ശൈത്യ കൊടുങ്കാറ്റിനെത്തുടര്‍ന്ന് പ്രദേശങ്ങളില്‍ 10 ഇഞ്ച് വരെ മഞ്ഞുവീഴ്ച, തണുത്തുറഞ്ഞ മഴ എന്നിവ ഈ പ്രദേശങ്ങളില്‍ സംഭവിക്കുമെന്നു പ്രവചിക്കപ്പെടുന്നു.

എന്നാല്‍, തെക്കുകിഴക്കന്‍ ഭാഗങ്ങളിലെ കാലാവസ്ഥ താരതമ്യേന ശാന്തമാകുമെന്ന് പ്രവചിക്കപ്പെടുന്നു. തിങ്കളാഴ്ച പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച കണ്ടതായി കാലാവസ്ഥാ സര്‍വീസ് അറിയിച്ചു. തിങ്കളാഴ്ച റദ്ദാക്കിയ നിരവധി വിമാനങ്ങളെ തുടര്‍ന്നു വ്യോമഗതാഗതം താറുമാറായ നാഷ്‌വില്ലിലെ സ്ഥിതിഗതികള്‍ ചൊവ്വാഴ്ച മെച്ചപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു. തെളിഞ്ഞ ആകാശവും താപനിലയുമാണ് ഇവിടെ കാണാനാവുന്നത്. അതേസമയം, ജോര്‍ജിയയില്‍ കൊടുങ്കാറ്റും നേരിയ മഞ്ഞുവീഴ്ചയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒക്ലഹോമ, മിസോറി, ഒഹായോ വാലി എന്നിവിടങ്ങളില്‍ നാല് ഇഞ്ച് വരെ മഞ്ഞ് വീണേക്കാമെന്നും ചൊവ്വാഴ്ച പുതിയ ശീത കൊടുങ്കാറ്റ് വീശിയടിച്ചേക്കുമെന്നും കാലാവസ്ഥാ സര്‍വീസ് അറിയിച്ചു. അര്‍ക്കന്‍സാസിലെ വടക്കന്‍ ഭാഗങ്ങളില്‍ ഏകദേശം 12 ഇഞ്ച് മഞ്ഞ് വരെ മഞ്ഞു വീഴ്ച പ്രതീക്ഷിക്കുന്നു.

ടെക്‌സാസ് സംസ്ഥാനത്ത് ഉടനീളം തണുത്തുറഞ്ഞ മഞ്ഞുവീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. ഒന്നര ഇഞ്ച് വരെ ഐസ് അടിഞ്ഞു കൂടുകയാണ് പലേടത്തും. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച രാവിലെ വരെ ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. ഡാളസ്‌ഫോര്‍ട്ട് വര്‍ത്ത് പ്രദേശത്ത് ആറ് ഇഞ്ച് വരെയും മറ്റിടങ്ങളില്‍ മൂന്ന് ഇഞ്ച് വരെയും മഞ്ഞ് അടിഞ്ഞു. വാകോ, ടെമ്പിള്‍, കില്ലീന്‍ പ്രദേശങ്ങളിലും വടക്കുകിഴക്ക് കാന്റണ്‍ എന്നിവിടങ്ങളിലും മഞ്ഞ് കൂടുതലായി വീണേക്കാമെന്ന് കാലാവസ്ഥാ സര്‍വീസ് അറിയിച്ചു. ഓസ്റ്റിനിലെയും സാന്‍ അന്റോണിയോയിലെയും പ്രവചകര്‍ താപനില പൂജ്യത്തിന് താഴെയാകുമെന്നും ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഐസ് വൈദ്യുതി ലൈനുകള്‍ തൂങ്ങിക്കിടക്കുന്നതിനാല്‍ വൈദ്യുതി തടസ്സമുണ്ടാകും.