തിരുവനന്തപുരം | കൊവിഡ് രോഗവ്യാപനം പരിശോധിക്കുന്ന സെറോ പ്രിവലന്‍സ് പഠനം അനുസരിച്ച്‌ കേരളത്തില്‍ മൂന്നില്‍ ഒന്ന് എന്ന രീതിയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, രാജ്യത്ത് 21 കേസുണ്ടാകുമ്ബോള്‍ ഒരു കേസാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ കണക്ക് വിരല്‍ ചൂണ്ടുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിലേക്കും ഇവിടെ നടപ്പിലാക്കുന്ന സര്‍വൈലന്‍സിന്റെയും റിപ്പോര്‍ട്ടിംഗിന്റെയും കാര്യക്ഷമതയിലേക്കുമാണ്. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ 27 കേസ് ഉണ്ടാകുമ്പോഴാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തമിഴ്നാടില്‍ 24 കേസുണ്ടാകുമ്പോഴാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നത് ഇതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തെ പ്രധാനപ്പെട്ട പഠനമാണ് എക്സസ് ഡെത്ത് അനാലിസിസ്. കൊവിഡ് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ശാസ്ത്രീയമായി വിലയിരുത്താനാണ് ഈ പഠനത്തെ ആശ്രയിക്കുന്നത്. തൊട്ടു മുന്‍പത്തെ വര്‍ഷം എത്ര മരണങ്ങള്‍ ഉണ്ടായി എന്നും, നടപ്പു വര്‍ഷം അതേ ഘട്ടത്തില്‍ എത്ര മരണങ്ങള്‍ ഉണ്ടായി എന്നും താരതമ്യം ചെയ്യുകയാണ് എക്സസ് ഡെത്ത് അനാലിസിസ് ചെയ്യുന്നത്. ലോകത്തെ പ്രമുഖമായ ചില സര്‍വകലാശാലകള്‍ ഒരുമിച്ച്‌ ചേര്‍ന്ന് വേള്‍ഡ് മോര്‍ട്ടാലിറ്റി ഡാറ്റാ സെറ്റ് എന്ന പഠനം ജനുവരി 27ന് ഓണ്‍ ലൈന്‍ ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 77 രാജ്യങ്ങളുടെ എക്സസ് ഡെത്ത് അനാലിസിസാണ് ആ റിപ്പോര്‍ട്ടില്‍ അവര്‍ പുറത്തു വിട്ടത്. അതില്‍ 51 രാജ്യങ്ങളില്‍ മരണങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. അമേരിക്കയില്‍ 14 ശതമാനം മരണങ്ങളാണ് 2019നെ അപേക്ഷിച്ച്‌ കൊവിഡ് പടര്‍ന്ന 2020ല്‍ ഉണ്ടായത്. ഫ്രാന്‍സില്‍ എട്ട്, ഇറ്റലിയില്‍ 10, സ്വീഡനില്‍ 11, യു കെയില്‍ 13, റഷ്യയില്‍ 15 ശതമാനം കണക്കിലാണ് മരണ സംഖ്യ വര്‍ധിച്ചത്.

അതേസമയം, ആറ് രാജ്യങ്ങളില്‍ കൊവിഡ് കാലത്ത് മുന്‍ വര്‍ഷത്തേക്കാള്‍ മരണം കുറയുന്ന പ്രതിഭാസവും ഉണ്ടായി. ന്യൂസിലന്‍ഡില്‍ ആറും ആസ്‌ത്രേലിയയിലും കോസ്റ്റാറിക്കയിലും മൂന്നു വീതവും ശതമാനം മരണങ്ങള്‍ കുറഞ്ഞു. ഇന്ത്യയിലെ മരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കൃത്യമായി ലഭ്യമല്ലാത്തതിനാല്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോവുകയാണുണ്ടായത്.

100 ശതമാനവും ജനനങ്ങളുടെയും മരണങ്ങളുടെയും രജിസ്റ്റര്‍ സൂക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ 2,63,901 മരണങ്ങളാണ് 2019ല്‍ ഉണ്ടായത്. എന്നാല്‍ 2020ല്‍ ഉണ്ടായത് 2,34,536 മരണങ്ങളാണ്. അതായത് 29,365 മരണങ്ങളുടെ കുറവാണ് ഇവിടെ ഉണ്ടായത്. ഏകദേശം 11.2 ശതമാനം കുറവാണ് 2020ല്‍ കേരളത്തിലെ മരണസംഖ്യയില്‍ വന്നിരിക്കുന്നത്. റോഡ് അപകടങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. 2019ല്‍ ഒരു മാസം റോഡപകടങ്ങള്‍ കാരണമുണ്ടാകുന്ന മരണങ്ങളുടെ ശരാശരിയെടുത്താല്‍ പോലും ഏകദേശം 800 മരണങ്ങളുടെ കുറവാണുണ്ടായതെന്ന് കണക്കാക്കാം. അതൊഴിവാക്കിയാല്‍ പോലും ഈ വര്‍ഷം 28,565 മരണങ്ങളുടെ കുറവാണുണ്ടായിരിക്കുന്നത്.

കൊവിഡ് കാലത്ത് കേരളത്തില്‍ മരണങ്ങള്‍ കുറയ്ക്കാന്‍ നമ്മള്‍ കാണിച്ച ജാഗ്രതയും, സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി എന്നു മനസ്സിലാക്കാം. കോവിഡിനെതിരെ കാണിച്ച ബ്രേയ്ക്ക് ദ ചെയിന്‍ പ്രവര്‍ത്തനങ്ങള്‍ മറ്റു രോഗങ്ങള്‍ പടരാതിരിക്കാനും നമ്മളെ സഹായിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനാല്‍, ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറയാതെ സൂക്ഷിക്കാനും, മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ മുടക്കം കൂടാതെ നല്‍കാനും കഴിഞ്ഞു. ആരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ പ്രചാരണങ്ങള്‍ ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിച്ചതും ഗുണകരമായി എന്നു വേണം കണക്കാക്കാന്‍. നമ്മളേക്കാള്‍ എത്രയോ മടങ്ങ് സമ്പന്നരും, കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുമുള്ള പല വികസിത രാജ്യങ്ങളേക്കാളും മെച്ചപ്പെട്ട രീതിയില്‍ മരണത്തെ തടുത്തു നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.