ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്നെത്തിയവര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഡോര്‍മെറ്ററികള്‍, ഹോസ്റ്റലുകള്‍ എന്നീ സ്ഥലങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യുമ്ബോള്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റായിരിക്കണം ഹാജരാക്കേണ്ടത്.

കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ കേരളത്തില്‍ നിന്നെത്തിയ എല്ലാവരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഇടയ്ക്കിടെ സ്വന്തം നാട്ടിലേക്ക് പോകുന്നത് ഒഴിവാക്കണം. അത്തരത്തില്‍ നാട്ടില്‍ പോയി മടങ്ങിയെത്തിയവര്‍ നിര്‍ബന്ധമായും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കൊറോണ നോഡല്‍ ഓഫീസര്‍മാരില്‍ നിന്നും അനുമതി വാങ്ങാതെ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെയോ മറ്റും ക്യാംപസിലേക്കും ഹോസ്റ്റലുകളിലേക്കും സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണ ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്.