ഓസ്‌ട്രേലിയൻ പാർലമെന്റിൽവച്ച് പീഡനത്തിനിരയായെന്ന് പരാതിപ്പെട്ട യുവതിയോട് ക്ഷമാപണവുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. സംഭവത്തിൽ നടപടിയുണ്ടാകും. ഇവിടെ ജോലി ചെയ്യുന്ന ഏതൊരു യുവതിയും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോറിസൺ പറഞ്ഞു.

പാർലമെന്റിൽ സഹപ്രവർത്തകനാൽ പീഡനത്തിനിരയായെന്നായിരുന്നു യുവതിയുടെ പരാതി.
രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രി ലിൻഡ റെയ്‌നോൽഡ്‌സിന്റെ ഓഫിസിൽ വച്ച് 2019ലായിരുന്നു സംഭവം. യോഗമുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി, പ്രധാനമന്ത്രി മോറിസണിന്റെ ലിബറൽ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച വ്യക്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. ഇതേക്കുറിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ പൊലീസിനോടും പ്രതിരോധ മന്ത്രിയുടെ ഓഫിസിലെ മുതിർന്ന ജീവനക്കാരോടും പരാതി പറഞ്ഞിരുന്നുവെന്നും യുവതി വ്യക്തമാക്കി. യുവതി പീഡനത്തെ കുറിച്ച് അറിയിച്ചിരുന്നുവെന്നും എന്നാൽ പരാതി നൽകുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.