നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. ഇന്നും സെക്രട്ടേറിയറ്റിനു മുന്നില്‍ വലിയ സമരപരിപാടികള്‍ അരങ്ങേറി. എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുമായി എഐവൈഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തി. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം കടുപ്പിക്കുകയാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടരും. പ്രതീകാത്മക ശവം ചുമന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ മൗന ജാഥ നടന്നു.

പ്രശ്ന പരിഹാരത്തിന് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ചര്‍ച്ച നടത്തി. സമരം ഒത്തു തീര്‍പ്പാക്കാന്‍ ഇടപെടുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയതായി ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ടി.പി.ശ്രീനിവാസനും സമരസ്ഥലത്തെത്തി. സമരം ന്യായമാണെന്നും, സര്‍ക്കാര്‍ കണ്ണു തുറക്കണമെന്നും ടി.പി.ശ്രീനിവാസന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹരമിരിക്കുന്ന ഷാഫി പറമ്പിലും, ശബരീനാഥനും സമരപ്പന്തലിലെത്തി ഉദ്യോഗാര്‍ത്ഥികളെ കണ്ടു.