ഹിന്ദി സിനിമ – ടെലിവിഷന്‍ താരം സന്ദീപ് നഹറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ സന്ദീപിന്റെ വസതിയില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മരിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് ഫേസ്ബുക്കില്‍ നീണ്ട കുറിപ്പോടു കൂടി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും കുടുംബത്തിലെ ആരും തന്റെ മരണത്തിന് ഉത്തരവാദിയല്ലെന്നുമായിരുന്നു ഈ കുറിപ്പില്‍ പറഞ്ഞത്.

വ്യക്തിപരമായും തൊഴില്‍രംഗത്തും നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സന്ദീപ് കുറിപ്പില്‍ പറയുന്നുണ്ട്. ഗുഡ്ഗാവിലെ ഫ്‌ളാറ്റില്‍ ഭാര്യയും സുഹൃത്തുക്കളും എത്തിയപ്പോഴാണ് സന്ദീപിനെ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എസ്.വി.ആര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സുശാന്ത് സിംഗ് രജ്പുത് നായകനായ എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന സഹതാരമായി സന്ദീപ് എത്തിയിരുന്നു. അക്ഷയ് കുമാറിന്റെ കേസരിയിലും നടന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.