ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസറ്റണ്‍: ഇംപീച്ച്‌മെന്റ് വിചാരണ വഴിമാറി പോയതോടെ, 1.9 ട്രില്യണ്‍ ഡോളര്‍ കൊറോണ വൈറസ് ദുരിതാശ്വാസ പദ്ധതി പാസാക്കാന്‍ പ്രസിഡന്റ് ബൈഡന്‍ തയ്യാറെടുക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, കുടിയേറ്റം, ക്രിമിനല്‍ നീതി പരിഷ്‌കരണം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ പരിരക്ഷ എന്നിവയും ഒപ്പം പാസാക്കാന്‍ ബൈഡന് മേല്‍ സമ്മര്‍ദ്ദമുണ്ട്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപിന്റെ ഇംപീച്ച്‌മെന്റ്, വിചാരണ, കുറ്റവിമുക്തനാക്കല്‍ എന്നിവയ്ക്കിടയിലും തന്റെ അജണ്ടയുമായി മുന്നോട്ട് പോകുന്നതില്‍ ബൈഡന്‍ ഇതുവരെ വിജയിച്ചിട്ടുണ്ട്. അമേരിക്കന്‍ രക്ഷാപ്രവര്‍ത്തനം എന്ന് വിളിക്കുന്ന കൊറോണ വൈറസ് ദുരിതാശ്വാസം പാസാക്കിയെടുക്കാന്‍ ഹൗസ് കമ്മിറ്റികള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇടവേളയില്‍ നിന്ന് സെനറ്റര്‍മാര്‍ മടങ്ങിയെത്തുമ്പോള്‍ ദ്രുത നടപടിയെടുക്കാന്‍ ബൈഡന്റെ ടീം സെനറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയേക്കും.

വിചാരണയ്ക്കുശേഷം ഒരു പ്രസ്താവനയില്‍, ബൈഡന്‍ ഉഭയകക്ഷി പിന്തുണയ്ക്കുള്ള പ്രതീക്ഷകള്‍ ആവര്‍ത്തിച്ചു, ‘രാജ്യത്തിന്റെ ആത്മാവിനെ സുഖപ്പെടുത്തുന്നതിന്’ എല്ലാവരും ഒത്തു പോകണമെന്ന് ആവശ്യപ്പെട്ടു. ട്രംപിന്റെ നയങ്ങള്‍ പൊളിച്ചുമാറ്റുകയോ ഡെമോക്രാറ്റുകള്‍ അദ്ദേഹമൊരു പരാജയമാണ് എന്ന് അഭിസംബോധന ചെയ്യുകയോ ചെയ്താല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെ മുന്നോട്ടു പോവില്ലെന്ന് അദ്ദേഹത്തിനറിയാം. അതു കൊണ്ട് തന്നെ കോവിഡ് പ്രതിസന്ധിയെ മറികടക്കാനായി ഏതു വിധേനയും ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കന്മാരെയും ചേര്‍ത്തു കൊണ്ട് ഉഭയകക്ഷി മുന്നേറ്റമാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്.

ശനിയാഴ്ച സെനറ്റ് റിപ്പബ്ലിക്കന്‍മാരില്‍ ട്രംപ് ‘കുറ്റക്കാരനല്ല’ എന്ന നിലയ്ക്കുള്ള 43 റിപ്പബ്ലിക്കന്‍ വോട്ടുകള്‍ ബൈഡന് ആശ്വാസമായെന്നു പറയാം. കാരണം, ഇവരിലാണ് ഇനി ഉഭയകക്ഷി പ്രതീക്ഷ. ട്രംപിന്റെ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ക്രോധത്തെ വെല്ലുവിളിച്ചു കൊണ്ട് ഒരു ചെറിയ ന്യൂനപക്ഷ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ അദ്ദേഹത്തിനെതിരേ വോട്ട് ചെയ്തു. അവരെ ഇപ്പോള്‍ ബൈഡനും ഒഴിവാക്കിയേക്കാം. അവരെ പിന്തുണച്ചാല്‍ ഭൂരിപക്ഷം വരുന്ന റിപ്പബ്ലിക്കന്മാര്‍ വഴിമാറിയേക്കുമെന്നും കോണ്‍ഗ്രസില്‍ ആവശ്യത്തിന് പിന്തുണ കിട്ടുകയില്ലെന്നും ബൈഡന്‍ കണക്കാക്കുന്നു. ഇതു മുന്നില്‍ കണ്ടാണ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ ഒരു ആഴ്ച കൊണ്ട് അവസാനിപ്പിച്ചത്. തന്റെ പാര്‍ട്ടിയുടെ ഭൂരിഭാഗത്തെയും സ്വാധീനിക്കാന്‍ ട്രംപിന് ഇപ്പോഴും കഴിയുന്നു. റിപ്പബ്ലിക്കന്‍മാരുമായുള്ള ട്രംപിന്റെ സ്വാധീനം വാഷിംഗ്ടണില്‍ നിന്ന് പുറത്തുപോകുമ്പോഴും ബൈഡന്റെ മുന്‍ഗണനകള്‍ക്ക് തടസ്സമാകുമെന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണത്തിലാണെങ്കിലും, സെനറ്റിലെ ഒരു ഫിലിബസ്റ്ററിനെ മറികടക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് ചില റിപ്പബ്ലിക്കന്‍ പിന്തുണ ആവശ്യമാണ്.

‘റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപ് തീര്‍ച്ചയായും ഒരു ശക്തിയായി തുടരും. അവര്‍ ബന്ദികളാണോ അല്ലയോ എന്ന് അവര്‍ തീരുമാനിക്കേണ്ടതുണ്ട്,’ ലിബറല്‍ ചിന്താ കേന്ദ്രമായ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിന്നി സ്റ്റാചെല്‍ബര്‍ഗ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍, ബൈഡന്റെ ടീമിലെ മുതിര്‍ന്ന അംഗങ്ങള്‍ വൈറ്റ് ഹൗസില്‍ ആഭ്യന്തര മീറ്റിംഗുകള്‍ ആരംഭിക്കുകയാണ്. ബൈഡന്റെ അജണ്ട എങ്ങനെയായിരിക്കുമെന്നും അത് എങ്ങനെ രൂപപ്പെടുത്തുമെന്നും വൈറ്റ് ഹൗസിന്റെ രണ്ട് ഉന്നത ഉപദേശകര്‍ വെളിപ്പെടുത്തിയേക്കും. മാര്‍ച്ചില്‍ പരസ്യമായി ഇതെല്ലാം ബൈഡന്‍ കോണ്‍ഗ്രസില്‍ സംയുക്ത പ്രസംഗം നടത്തി പുറത്തറയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ ബൈഡന് രാജ്യത്ത് കൂടുതല്‍ ജനശ്രദ്ധയുണ്ടെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. അതു കൊണ്ടു തന്നെ രാജ്യസന്ദര്‍ശനമാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മില്‍വാക്കിയില്‍ നടക്കുന്ന സിഎന്‍എന്‍ ടൗണ്‍ഹാള്‍ സ്‌റ്റൈല്‍ പരിപാടിയില്‍ ബൈഡന്‍ പങ്കെടുക്കുകയും വ്യാഴാഴ്ച രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോവുകയും ചെയ്യും. ബൈഡനോട് വ്യക്തിപരമായി അടുപ്പമുള്ള ചില റിപ്പബ്ലിക്കന്‍മാര്‍ക്കിടയിലും പ്രസിഡന്റിന്റെ അജണ്ട വ്യാപകമായി പ്രചാരത്തിലുണ്ടെന്ന് പൊതു വോട്ടെടുപ്പുകള്‍ കാണിക്കുന്നു. ബൈഡന്റെ നയ നിര്‍ദ്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന റിപ്പബ്ലിക്കന്‍മാരുമായി എന്തെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് ഇത് കാരണമായി.

ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ ആദ്യ 24 ദിവസങ്ങളില്‍, ട്രംപ് നിരന്തരമായ സാന്നിധ്യമായിരുന്നു. വിചാരണ അവസാനിച്ചിട്ടും, ട്രംപ് രാജ്യത്തിന്റെ മേലുള്ള പിടി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ട്രംപ് തന്റെ ഫ്‌ലോറിഡയിലെ മാര്‍എലാഗോയില്‍ നിന്ന് വരും ദിവസങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. വിചാരണ അവസാനിച്ച ഉടന്‍ ഒരു പ്രസ്താവനയില്‍, 2024 ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ട്രംപ്, ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിന്നോ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍മാരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നോ അപ്രത്യക്ഷമാകാന്‍ തനിക്ക് പദ്ധതിയില്ലെന്ന് സൂചന നല്‍കി.
ഇംപീച്ച്‌മെന്റ് വിചാരണ നടക്കുമ്പോള്‍ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച ട്രംപ് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തയ്യാറായിരുന്നില്ല. മുന്‍ പ്രസിഡന്റും സഹായികളും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ പരാമര്‍ശിക്കുന്നത് വളരെ അപൂര്‍വമാണ്. ട്രംപിന്റെ നയങ്ങളെയും വ്യക്തിപരമായ പെരുമാറ്റത്തെയും നിരാകരിച്ചുകൊണ്ട് തന്റെ അജണ്ട പൂര്‍ണ്ണമായും നിര്‍മ്മിച്ച ബൈഡനോടുള്ള കൂടുതല്‍ വിദ്വേഷം എന്തായാലും ട്രംപ് ഒളിച്ചു വെക്കാന്‍ സാധ്യതയില്ല.

ട്രംപിന്റെ പല നയങ്ങളും ഒരൊറ്റ ദിവസം കൊണ്ട് പൂര്‍വാവസ്ഥയിലാക്കിയാളാണ് ബൈഡന്‍. എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ കൊണ്ട് അദ്ദേഹം ആദ്യ ദിനം പ്രവര്‍ത്തനമുഖരിതമാക്കിയിരുന്നു. തന്റെ മുന്‍ഗാമി എടുത്തിട്ടില്ലാത്ത നടപടികള്‍ക്ക് ആവശ്യമായ പ്രതികരണമായി അദ്ദേഹം പലപ്പോഴും തന്റെ വിശാലമായ അജണ്ട രേഖപ്പെടുത്തുന്നു. കൊറോണ വൈറസ് പാന്‍ഡെമിക്കിനെതിരെ പോരാടുന്നതിന് ട്രംപിന്റെ ഭരണകൂടം വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെന്ന് കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു. അതിനോടും ട്രംപ് പ്രതികരിച്ചേക്കും. എന്തായാലും 1.9 ട്രില്യണ്‍ ഡോളര്‍ പാക്കേജുമായി പൊരുത്തപ്പെട്ടു വരുന്ന ബൈഡന് വരും ദിവസങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.