തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത. ‘നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്ബര്യം ഉള്ള ഇടതുപക്ഷത്തിനു സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെ’ന്ന് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ശക്തമാക്കിയതിനിടെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗവും വീണ്ടും കൂട്ട നടത്തി. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെയാണ് ഇന്ന് സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സര്‍ക്കാര്‍ വാദം.

സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇത് നിയമവകുപ്പ് കണ്ട ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തി. സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍- 100 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തല്‍. നിര്‍മിതി കേന്ദ്രത്തില്‍ 16 പേരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

വയനാട് മെഡിക്കല്‍കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.

അതേസമയം പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍പ്പെട്ടവര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാര്‍ഥികള്‍ യാചനാ സമരം നടത്തി.

തിരുവനന്തപുരത്ത് ഉദ്യോഗാര്‍ഥികള്‍ യാചനാസമരവും മുട്ടിലിഴഞ്ഞു പ്രതിഷേധവും നടത്തി. സെക്രട്ടേറിയറ്റിന് സമീപം ഉദ്യോഗാര്‍ഥികള്‍ റോഡിലൂടെ പൊരിവെയിലത്ത് മുട്ടിലിഴഞ്ഞാണ് പ്രതിഷേധിച്ചത്. സമരത്തിനിടെ പലരും കുഴഞ്ഞുവീണു.

സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുക, താല്‍ക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം ഇന്ന്. 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഓള്‍ കേരള ഹയര്‍ സെക്കണ്ടറി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധര്‍ണയും ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നു.