വൈത്തിരി: ദേശീയപാത 766 നവീകരണത്തിന്‍റെ ഭാഗമായി വയനാട് ചുരം റോഡിന്‍റെ അറ്റകുറ്റ പണികള്‍ക്ക് തുടക്കമായി. ഒരുമാസം നീണ്ടു നില്‍ക്കുന്ന പ്രവൃത്തിയുടെ ഭാഗമായി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.കെ.എസ്.ആര്‍.ടി.സി ബസുകളും ചരക്കു ലോറികളുമടക്കം വലിയ വാഹനങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ ചുരത്തിലൂടെ പ്രവേശനമില്ല. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ അടിവാരം മുതല്‍ ലക്കിടിവരെ ഇവയുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍ പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂര്‍, നാടുകാണി ചുരം വഴിയും വേണം കടന്നു പോവാന്‍. വീതി കുറഞ്ഞ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലും ടാറിങ് നടക്കുന്ന ഭാഗങ്ങളിലും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി മാത്രമാണ് കടത്തിവിടുക.

എന്നാല്‍ പ്രവൃത്തി നടക്കുന്ന ഒരു മാസക്കാലത്ത് യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിവാരം മുതല്‍ ലക്കിടി വരെ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ ഷട്ടില്‍ സര്‍വ്വീസ് യാത്രക്കാര്‍ക്ക് അനുഗ്രമായി. ചുരത്തിലൂടെ മിനിബസുകള്‍ കെ.എസ്.ആര്‍.ടി.സി ഓടിക്കുന്നുണ്ട്. കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്ക് വരുന്ന ബസുകള്‍ യാത്രക്കാരെ അടിവാരം ഇറക്കുകയും അവിടെ നിന്ന് മിനി ബസുകളില്‍ ലക്കിടിയിലെത്തിക്കുകയുമാണ് ചെയ്യുന്നത്.

അതേ സമയം ബത്തേരിയില്‍ നിന്നും മാനന്തവാടിയില്‍നിന്നും കോഴിക്കോട്ടുകുള്ള ബസുകള്‍ ലക്കിടിയിലെത്തി തിരിച്ചു നിര്‍ത്തുകയും അടിവാരത്തുനിന്നും എത്തുന്ന യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയും ചെയ്യുന്നു. ബസുകളില്‍ നല്ല തിരക്കാനനുഭവപ്പെട്ടത്. എല്ലാ ബസുകളും ഓര്‍ഡിനറി സര്‍വീസായാണ് ഓടിക്കുന്നത്. വയനാട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പ്രശോഭ് അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഗതാഗത സംവിധാനമൊരുക്കാന്‍ രാവിലെ തന്നെ ലക്കിടിയിലെത്തിയിരുന്നു.

യാത്രക്കാര്‍ക്ക് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഡി.ടി.ഒ മാധ്യമത്തോട് പറഞ്ഞു. കോഴിക്കോട് ഡി.ടി.ഒ ജോഷി ജോണ്‍, താമരശ്ശേരി എ.ടി.ഒ നിഷില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അടിവാരത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

33 കോടിയോളം രൂപയാണ് അടിവാരം മുതല്‍ ലക്കിടി വരെയുള്ള സ്ഥലത്തു നടക്കുന്ന പ്രവൃത്തിയുടെ ചെലവ്. ദേശീയ പാത നവീകരണത്തിന്‍റെ രണ്ടാം ഘട്ട പണികളാണ് ചുരത്തില്‍ നടക്കുന്നത്. സുരക്ഷ ഭിത്തി നിര്‍മാണം, ഡ്രൈനേജ് നിര്‍മ്മാണം, റോഡ് ടാറിങ് എന്നിവയാണ് ഇവിടെ ചെയ്യുന്നത്.

ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയിലുള്ള ഇടുങ്ങിയ വശങ്ങള്‍ക്കു വീതി കൂട്ടുന്നുണ്ട്. മറ്റിടങ്ങളില്‍ വനം വകുപ്പിന്‍റെ അനുമതി കിട്ടിയാല്‍ മാത്രമേ വീതികൂട്ടാന്‍ സാധിക്കുകയുള്ളു. ആഗസ്റ്റ് മാസം വരെ സമയമുണ്ടെങ്കിലും പരമാവധി ഒരു മാസം കൊണ്ടു നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.