കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ നടപടി സ്റ്റേ ചെയ്തു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ലിജിത്ത് ഫയൽ ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. കേരള ബാങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് മുതൽ പ്യൂൺവരെയുള്ള നിയമനത്തിന് പി.എസ്.സിക്കാണ് അധികാരമെന്ന് ഹർജിയിൽ പറയുന്നു. പിഎസ്സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിൽ വിവിധ തസ്തികകളിൽ അപേക്ഷ നൽകാൻ തനിക്ക് യോഗ്യതയുണ്ടെന്ന് ലിജിത്ത് ഹർജിയിൽ പറയുന്നു.

ഭരിക്കുന്ന പാർട്ടിയോട് കൂറുള്ളവരെയാണ് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഇവരെ ക്രമപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി നിയമത്തിന്റെ ലംഘനമാണ്. പതിമൂന്ന് ജില്ലാ ബാങ്കുകളിലെയും ഒഴിവുകൾ നേരത്തെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നെന്നും ലയനത്തിനുശേഷം ഇതുണ്ടായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേരള ബാങ്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 1,856 പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. അതിനിടെ സ്ഥിരപ്പെടുത്തൽ നടപടിയുമായി ബന്ധപ്പെട്ട ശുപാർശ കഴിഞ്ഞ ദിവസം സഹകരണ സെക്രട്ടറി തിരിച്ചയച്ചിരുന്നു. കൂട്ട സ്ഥിരപ്പെടുത്തലുകൾ ആവശ്യപ്പെടും മുൻപ് പഠനം നടത്തണമെന്നും സാമ്പത്തിക ബാധ്യത എത്രയെന്നു ശുപാർശയിൽ വ്യക്തമാക്കിയിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു.