ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വൻറി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകില്ല. അസൗകര്യം ബിസിസിഐയെ കെസിഎ അറിയിച്ചു. മത്സരസമയത്ത് ഗ്രൗണ്ടിൽ സൈനിക റിക്രൂട്ട്മെൻറ് നടക്കുന്നുവെന്നാണ് വിശദീകരണം. സ്റ്റേഡിയത്തിൻ്റെ നടത്തിപ്പ് അവകാശമുള്ള ഐ.എൽ & എഫ്.എസ് കമ്പനിയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം റിക്രൂട്ട്മെന്റ് റാലിക്ക് വിട്ടുനൽകിയത്.

മാർച്ച് പകുതിയോടെയാണ് വനിതാ ക്രിക്കറ്റ് പരമ്പരയ്ക്ക് ഗ്രീൻഫീൽഡ് സ്റ്റേഡിയം സജ്ജമാകേണ്ടിയിരുന്നത്. എന്നാൽ, സൈനിക റിക്രൂട്ട്മെന്റ് വേദി മത്സരത്തിന് തടസ്സമാകും. മുൻ നിശ്ചയിച്ച റിക്രൂട്ട്മെൻറ് റാലിക്ക് അനുമതി നൽകിയതിനാൽ പരമ്പര നടത്താനാകില്ലെന്ന് കെസിഎ, ബിസിസിഐയെ അറിയിച്ചു. ജില്ലയിലെ മറ്റ് സറ്റേഡിയങ്ങൾ റിക്രൂട്ട്മെന്റിന് ഉപയോഗിക്കാമെന്നിരിക്കെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം റിക്രൂട്ട്മെന്റ് റാലിക്ക് തെരഞ്ഞെടുത്തത്. അത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. അതേ സമയം ഗ്രൗണ്ട് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നടത്തിപ്പുകാരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

ഐ.എൽ & എഫ്.എസ് കമ്പനിയുടെ നിലപാട് കെസിഎയ്ക്ക് കടുത്ത തിരിച്ചടി ആയിരിക്കുകയാണ്. കൂടുതൽ രാജ്യാന്തര മത്സരങ്ങൾ ഇവിടെ നടത്തുകയും ടെസ്റ്റ് വേദിയാക്കി ഗ്രീൻഫീൽഡിനെ ഉയർത്തുകയും ചെയ്യുക എന്ന കെസിഎയുടെ ലക്ഷ്യത്തിനും ഇത് തിരിച്ചടിയാകും.

അടുത്ത മാസമാണ് പരമ്പര. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി-20കളും പരമ്പരയിൽ ഉണ്ടാവും. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള വനിതാ ടീമിൻ്റെ ആദ്യ രാജ്യാന്തര പരമ്പരയാവും ഇത്.

വനിതകളുടെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റ് ഫെബ്രുവരി 18 മുതൽ ആരംഭിക്കും എന്ന് ബിസിസിഐ അറിയിച്ചിരുന്നു. വിജയവാഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാവും മത്സരങ്ങൾ.