സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ മോദി സംസ്ഥാന നേതാക്കളോട് ആരാഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാകണം പ്രവര്‍ത്തനമെന്നും വോട്ട് ശതമാനം വര്‍ധിപ്പിക്കുക മാത്രമാകരുത് ലക്ഷ്യമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാന അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍, കേന്ദ്ര പ്രതിനിധി, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയിലെ വേഗതക്കുറവ് ചര്‍ച്ചയായി. കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ പാര്‍ട്ടിക്ക് എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ മോദി സംസ്ഥാന നേതാക്കളോട് ആരാഞ്ഞു. പുതുതായി ഏതൊക്കെ മേഖലകളില്‍ നിന്നും ആരെയൊക്കെ പാര്‍ട്ടിയിലെത്തിക്കാനായെന്നും പ്രധാനമന്ത്രി ചോദ്യമുന്നയിച്ചു.

തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാകണം പ്രവര്‍ത്തനം. കേവലം വോട്ട് ശതമാനം വര്‍ധിപ്പിക്കുക മാത്രമാകരുത് പാര്‍ട്ടിയുടെ ലക്ഷ്യം. കേരളത്തിലെ സോഷ്യല്‍ മീഡിയ വിഭാഗം എന്ത് ചെയ്യുന്നുവെന്ന് ആരാഞ്ഞ മോദി കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ഐടി സെല്ലിന് കഴിയണമെന്നും ചൂണ്ടിക്കാട്ടി. അതേസമയം, കേന്ദ്ര പദ്ധതികള്‍ സംബന്ധിച്ച് പരസ്യം നല്‍കണമെന്ന് സംസ്ഥാന നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യമായ സഹായം കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കി.