നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ളവരെ കണ്ടെത്താന്‍ സര്‍വേയുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട ഒഴികെ ഒന്‍പത് സീറ്റുകളില്‍ സര്‍വേ നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചു. യുഡിഎഫില്‍ സീറ്റ് ധാരണയാകും മുന്‍പേയാണ് ജോസഫിന്റെ മണ്ഡലം പിടിക്കാനുള്ള നീക്കം.

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒന്‍പത് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന് യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയാറല്ല പി.ജെ. ജോസഫ്. തൊടുപുഴയില്‍ പി.ജെ. ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ എന്നിവരുടെ സീറ്റില്‍ മാറ്റമില്ല. പാര്‍ട്ടി ആവശ്യം ഉന്നയിക്കുന്ന മറ്റ് ഒന്‍പത് മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ളവരെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണ്.

ഓരോ മണ്ഡലങ്ങളിലും മൂന്ന് പേരുടെ പട്ടികയാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. അഞ്ച് മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും സാധ്യതാ പട്ടികയില്‍ ഇടംനേടി. ഇടുക്കി, കോതമംഗലം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ പട്ടികയില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ പേരുണ്ട്. തിരുവല്ലയില്‍ മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, വിക്ടര്‍ ടി. തോമസ്, വര്‍ഗീസ് മാമ്മന്‍ എന്നിവരാണ് പരിഗണനയില്‍. ചങ്ങനാശേരിയില്‍ സി.എഫ്. തോമസിന്റെ മകള്‍ സിനി തോമസും സഹോദരനും മുന്‍ നഗരസഭാ ചെയര്‍മാനുമായ സാജന്‍ ഫ്രാന്‍സിസ്, വി.ജെ ലാലി എന്നിവര്‍ക്കാണ് മുന്‍ഗണന. പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍, മൈക്കിള്‍ ജയിംസ് എന്നിവരാണ് ഏറ്റുമാനൂലെ പട്ടികയില്‍.

കാഞ്ഞിരപ്പള്ളിയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് പുറമേ യൂത്ത് ഫ്രണ്ട് അധ്യക്ഷന്‍ അജിത് മുതിരമല, തോമസ് കുന്നപ്പള്ളി എന്നിവരുടെ പേരുമുണ്ട്. ഇടുക്കി മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്, മാത്യു സ്റ്റീഫന്‍, എം.ജെ.ജേക്കബ്തുടങ്ങിയവരും കോതമംഗലത്ത് ഷിബു തെക്കുംപുറവും ജോണി നെല്ലൂരുമാണ് പരിഗണനയില്‍. അടുത്ത ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്‍പ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം. പക്ഷെ 12 സീറ്റ് ലക്ഷ്യമിടുന്ന ജോസഫിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങാനുള്ള സാധ്യത കുറവാണ്.