സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് എഐവൈഎഫ്. സര്‍ക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

യുവജനങ്ങള്‍ക്കായി സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും എഐവൈഎഫ്. റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തെ മുതലെടുത്ത് രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണിതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആരോപിച്ചു.

പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥി സമരങ്ങള്‍ക്ക് തിരിച്ചടിയാണ് ഇന്നും ഉണ്ടായത്. പ്രശ്‌ന പരിഹാരത്തിനുതകുന്ന തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടായില്ല. അതേസമയം വലിയ സമരപരമ്പരകള്‍ക്കാണ് ഇന്നും സെക്രട്ടറിയറ്റ് പരിസരം സാക്ഷ്യം വഹിക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷമുണ്ടായി.