ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതായി പരാതി. ഹരിയാന പോലീസ് യുവരാജിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2020 ല്‍ ഇന്‍സ്റ്റഗ്രാം ചര്‍ച്ചയില്‍ യുവരാജ് ദളിത് സമൂഹത്തിനെതിരെ മോശവും അറപ്പുളവാക്കുന്നതുമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി.
ഞായറാഴ്ച ഹിസാറിലെ ഹന്‍സി പോലീസ് സ്റ്റേഷനിലാണ് യുവരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിസാറില്‍ നിന്നുള്ള അഭിഭാഷകന് യുവരാജിനെതിരായി നല്കിയ പരാതിയില്‍ എട്ട് മാസത്തിനു ശേഷമാണ് നടപടി ഉണ്ടാകുന്നത്. 2020 ജൂണില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ യുവരാജ് നടത്തിയ ചര്‍ച്ചയിലാണ് ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ യുവരാജ് മാപ്പ് പറഞ്ഞിരുന്നു.