കോട്ടയം: എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ച്‌ യുഡിഎഫിലെത്തിയ മാണി സി.കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. എന്‍സിപി സംസ്ഥാന നേതൃത്വം എല്‍ഡിഎഫില്‍ ഉറച്ചുനിന്നതോടെയാണ് മാണി സി.കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്. പുതിയ പാര്‍ട്ടി ഈ മാസം തന്നെ പ്രഖ്യാപിക്കും. പേര്, ചിഹ്നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ പത്തംഗ സമിതിയെ നിയോഗിച്ചു.

ഈ മാസം 28 നകം ജില്ലാ കമ്മിറ്റികള്‍ക്കും രൂപം നല്‍കും. പാലാ സീറ്റ് നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് മാണി സി.കാപ്പനും സംഘവും. പാലായില്‍ മാണി സി.കാപ്പന്‍ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി. കാപ്പന്റെ സാന്നിധ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് യുഡിഎഫും വിലയിരുത്തുന്നത്. മുന്നണി പ്രവേശനത്തിന് തൊട്ടുപിന്നാലെ തന്നെ ഒപ്പമുള്ള നേതാക്കളോടൊപ്പം കാപ്പന്‍ യോഗം ചേര്‍ന്നു. ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കണമെന്നാണ് തീരുമാനം.

പാലാ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഇടത് മുന്നണി വിട്ട എന്‍സിപി നേതാവ് മാണി സി.കാപ്പന്‍ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തിരുന്നു. പാലായിലെ ശക്തിപ്രകടനത്തിന് ശേഷമാണ് ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തത്.

ഔദ്യോഗിക പക്ഷം ഒപ്പമില്ലെങ്കിലും ഘടക കക്ഷിയായി മാണി സി.കാപ്പന്‍ വിഭാഗത്തെ മുന്നണിയിലെടുക്കാനാണ് യുഡിഎഫിന്റെ വാഗ്‌ദാനം. ദേശീയ നേതൃത്വം തീരുമാനം വൈകിപ്പിച്ച ഈ സാഹചര്യത്തില്‍ പരമാവധി നേതാക്കളെ ഒപ്പം നിര്‍ത്താനാണ് മാണി സി.കാപ്പന്റെ ശ്രമം. മൂന്ന് സീറ്റുകളാണ് യുഡിഎഫ് മാണി സി.കാപ്പന് ഉറപ്പു നല്‍കിയിട്ടുള്ളത്.