തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുക. സംസ്ഥാനത്തിന്റെ അപേക്ഷ ഉചിതമായ വിധത്തില്‍ പരിഗണിച്ചില്ല എന്നതാണ് പ്രധാന ആക്ഷേപം.

സംസ്ഥാനത്തിന് വിമാനത്താവള നടത്തിപ്പിന് സാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിമാനത്താവള ജീവനക്കാരുടെ സംഘടന നല്‍കിയ ഹര്‍ജി എന്നാല്‍ ഇന്ന് കോടതി പരിഗണിക്കില്ല.

എയര്‍ പോര്‍ട്ട് കൈമാറ്റത്തിന് എതിരെ നവംബര്‍ 26 ന് ആണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. രണ്ടര മാസങ്ങള്‍ക്ക് ശേഷം ആണ് ഇത് ആദ്യമായി തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്ത് കോടതിയില്‍ സീനിയര്‍ അഭിഭാഷകരെ ഹാജരാക്കാന്‍ ആണ് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ ഇപ്പോഴത്തെ നീക്കം