ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവര്‍ക്കും കനത്ത പിഴ ചുമത്തും. ടോളിന് ഇരട്ടി നിരക്കിലുള്ള തുകയാണ് പിഴയായി നല്‍കേണ്ടിവരിക.

ഫാസ്ടാഗിലേക്ക് മാറാനുള്ള സമയം ഇനിയും നീട്ടിനല്‍കാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം അറിയിച്ചു. ഫാസ്ടാഗ് പൂര്‍ണമായി നടപ്പാക്കാന്‍ 2020 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിവിധ കാരണങ്ങളാല്‍ ഇളവുകള്‍ അനുവദിക്കുകയായിരുന്നു. വാഹനം ടോള്‍ പ്ലാസ കടന്നുപോകുമ്പോള്‍ ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.