കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30 ന് വൈറ്റില വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. പേട്ടയില്‍ നിര്‍മാണം പൂര്‍ത്തിയായ പനംകുറ്റി പുതിയ പാലം, കനാല്‍ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും.

വാട്ടര്‍ മെട്രോയുടെ വൈറ്റില മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള റൂട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ വാട്ടര്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കൊച്ചി മെട്രോ റെയില്‍ ആണ് വാട്ടര്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൊച്ചി മെട്രോ റെയില്‍ സ്റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകള്‍ ആണ് വാട്ടര്‍ മെട്രോയ്ക്കും നിര്‍മിക്കുന്നത്. 78.6 കിലോമീറ്ററില്‍ 15 റോഡുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 15 വ്യത്യസ്ത പാതകളില്‍ ആയി 38 സ്റ്റേഷനുകള്‍ ആണുള്ളത്. 678 കോടിയാണ് പദ്ധതി ചിലവ്.