കോഴിക്കോട്: കോവിഡിന് ശേഷം പലരും നേരിടുന്ന വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് അധികൃതര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കോവിഡില്‍ നിന്ന് മുക്തി നേടിയതിന് പിന്നാലെ തനിക്കും പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതേത്തുടര്‍ന്ന് മൂന്നാഴ്ചത്തെ ചികിത്സ കഴിഞ്ഞ് ഇന്നലെയാണ് വീട്ടിലെത്തിയതെന്നും വി.എം. സുധീരന്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

വി.എം. സുധീരന്‍റെ കുറിപ്പ് വായിക്കാം…

കോവിഡ് ബാധിച്ചവര്‍ നെഗറ്റീവായാലും പൊതുവില്‍ അവരെ അലട്ടുന്ന പലവിധ ആരോഗ്യപ്രശ്നങ്ങള്‍ പിന്നീട് ഉണ്ടാകുന്നുണ്ട്. പലര്‍ക്കും പല രീതിയിലാണത്. കടുത്ത ക്ഷീണം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, ചുമ, ഉറക്കമില്ലായ്മ, വിശപ്പില്ലാത്ത സ്ഥിതി, ശാരീരിക വേദന, എന്നിങ്ങനെ പല വിധത്തില്‍. ഇങ്ങനെയുള്ളവര്‍ക്ക് പരിപൂര്‍ണ്ണ വിശ്രമവും ബന്ധപ്പെട്ട ചികിത്സയും അനിവാര്യമാണ്.

എന്നാല്‍ ഇത്തരം അവസ്ഥകള്‍ ബാധിക്കാത്ത ചിലര്‍ ഉണ്ടാവാം.

കോവിഡിന് ശേഷമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ആരോഗ്യ വിദഗ്ധരുടെയും സമൂഹത്തിലെ സര്‍വ തലത്തിലുള്ളവരുടെയും കൂടുതല്‍ ശ്രദ്ധയും അനുബന്ധ നടപടികളും ഇനിയും ഏറെ സംഘടിതമായ തോതില്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്.

കോവിഡാനന്തരം എനിക്കും ഈ അവസ്ഥ വന്നുപെട്ടു. തുടര്‍ന്ന് മൂന്നാഴ്ച ശാന്തിഗിരിയിലെ ചികിത്സ കഴിഞ്ഞ് ഇന്നലെയാണ് വീട്ടിലെത്തിയത്. ഇനിയും കുറച്ചു നാള്‍ കൂടി കരുതലോടു കൂടിയ വിശ്രമം വേണ്ടിവരും. അതോടെ പൂര്‍വസ്ഥിതിയിലാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.