മാനന്തവാടി : തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. തന്റെ വിശ്വാസ്യത തകര്‍ക്കാനായി രണ്ടുപേര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കേസെന്നും, കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം കൈമാറിയതിന്റെ സ്റ്റേറ്റ്‌മെന്റ് കൈയിലുണ്ടെന്നും ഫിറോസ് പറഞ്ഞു.

രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച്‌ തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നും, രണ്ടു പേര്‍ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും, അതിന്റെ ഭാഗമാണ് ഈ കേസെന്നും ഫിറോസ് ഒരു മാധ്യമത്തോട് പറഞ്ഞു.

‘മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒടുവില്‍ കുറ്റപ്പെടുത്തലും വിമര്‍ശനവുമാണ് തിരിച്ചുകിട്ടുക എന്ന് ബോധ്യമുള്ളവരാണ്. അത് സ്വാഭാവികമാണ്. സമൂഹം അങ്ങനെയാണ്. ഒരാള്‍ 10 ദിവസം സ്വന്തം കൈയില്‍ നിന്ന് പണം കൊടുത്ത് 10 പേര്‍ക്ക് ചോറുപൊതി കൊടുത്താലും 11 ആം ദിവസം ആരോപണം കേള്‍ക്കും. ചാരിറ്റിയിലേക്ക് തിരിച്ചുവരേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നാറുണ്ടെന്നും ഫിറോസ് പറഞ്ഞു.