ഗുവാഹത്തി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്ന് അസമില്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. സിഎഎക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ച സംസ്ഥാനമാണ് അസം. അസം കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശിവസാഗറില്‍ തുടക്കം കുറിച്ച്‌ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് ബിജെപിയും ആര്‍എസ്‌എസും വിഭജനത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് അസം. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലും മെയ് മാസത്തിനകം നിമയസഭാ തിരഞ്ഞെടുപ്പ് നടക്കും. അസം കരാര്‍ ആണ് സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നത്. അസമിന്റെ സംരക്ഷണ കവചമായിരുന്നു അത്. ഞാനും കോണ്‍ഗ്രസും അസം കരാര്‍ സംരിക്ഷിക്കുന്നതിന് മുന്നിലുണ്ടാകും. അസമില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് അസമിന് ആവശ്യം. പുറത്തുനിന്നുള്ളവരല്ല. ഇവിടെയുള്ള ജനങ്ങളെ മനസിലാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. നാഗ്പൂരില്‍ നിന്നും ദില്ലിയില്‍ നിന്നുമുള്ള മുഖ്യമന്ത്രി അസമിന് വേണ്ടെന്നും രാഹുല്‍ ഗാന്ധി ആര്‍എസ്‌എസിനെയും ബിജെപിയെയും കുറ്റപ്പെടുത്തി പറഞ്ഞു.

നിലവിലെ അസമിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് നാഗ്പൂരില്‍ നിന്നും ദില്ലിയില്‍ നിന്നുമാണ്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ ടിവി പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ ഒരു മുഖ്യമന്ത്രിയെ പ്രവര്‍ത്തിപ്പിക്കരുത്. നിലവിലെ മുഖ്യമന്ത്രിയെ പോലെ ഇനിയും മുഖ്യമന്ത്രി വന്നാല്‍ അസമിന് പ്രത്യേകിച്ച്‌ ഗുണമുണ്ടാകില്ല. യുവജനങ്ങള്‍ക്ക് ജോലി നല്‍കുന്ന മുഖ്യമന്ത്രിയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.