ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 134 റൺസിനു പുറത്ത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇശാന്ത് ശർമ്മ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 42 റൺസ് നേടി പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.

ചെപ്പോക്കിലെ സ്പിൻ പിച്ചിൽ ഇന്ത്യൻ ബൗളർമാർ ചേർന്ന് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് രണ്ടാം ദിനം കണ്ടത്. ഇന്നിംഗ്സിലെ മൂന്നാം പന്തിൽ തന്നെ റോറി ബേൺസിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഇശാന്ത് ശർമ്മ ഇംഗ്ലണ്ടിൻ്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. പിന്നീട് സ്പിന്നർമാരുടെ ഊഴമായിരുന്നു. ഡോം സിബ്ലി (16) അശ്വിൻ്റെ പന്തിൽ കോലിയുടെ കൈകളിൽ അവസാനിച്ചപ്പോൾ ആദ്യ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി തകർപ്പൻ ഫോമിലായിരുന്ന ക്യാപ്റ്റൻ ജോ റൂട്ടിനെ അശ്വിൻ്റെ കൈകളിലെത്തിച്ച അക്സർ പട്ടേൽ ആദ്യ ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കി. ഡാനിയൽ ലോറൻസ് (9), ബെൻ സ്റ്റോക്സ് (18) എന്നിവർ അശ്വിൻ്റെ ഇരകളായി മടങ്ങി. ലോറൻസിനെ ഗിൽ പിടികൂടിയപ്പോൾ സ്റ്റോക്സ് ക്ലീൻ ബൗൾഡായി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റിൽ ഒലി പോപ്പും ബെൻ ഫോക്സും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഒലി പോപ്പിനെ (22) പന്തിൻ്റെ കൈകളിൽ എത്തിച്ച മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. മൊയീൻ അലിയെ (6) അക്സർ രഹാനെയുടെ കൈകളിൽ എത്തിച്ചു. ഒലി സ്റ്റോൺ (1) അശ്വിൻ്റെ പന്തിൽ രോഹിതിൻ്റെ കൈകളിൽ അവസാനിച്ചു. 9ആം വിക്കറ്റിൽ ബെൻ ഫോക്സിനൊപ്പം ജാക്ക് ലീച്ച് പൊരുതാൻ ശ്രമിച്ചെങ്കിലും അതിനും ഏറെ ആയുസുണ്ടായില്ല. ലീച്ചിനെ (5) പന്തിൻ്റെ കൈകളിൽ എത്തിച്ച ഇശാന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. അവസാന വിക്കറ്റായ ബ്രോഡ് (0) അശ്വിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. ഇതോടെ അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ബെൻ ഫോക്സ് (42) പുറത്താവാതെ നിന്നു.