പാലായില്‍ ശക്തിപ്രകടനം നടത്തി മാണി സി. കാപ്പന്‍ ഇന്ന് യുഡിഎഫിന്റെ ഭാഗമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിലാണ് യുഡിഎഫ് നേതാക്കള്‍ കാപ്പനെ സ്വീകരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം പരമാവധി നേതാക്കളെയും പരിപാടിയില്‍ എത്തിക്കാനാണ് കാപ്പന്‍ അനുകൂലികളുടെ നീക്കം.

എന്‍സിപിയുടെ ഔദ്യോഗിക ചടങ്ങ് എന്ന നിലയിലാണ് മാണി സി. കാപ്പന്‍ വിഭാഗം ഒരുക്കങ്ങള്‍ നടത്തിയത്. ഐശ്വര്യ കേരളയാത്രയുടെ വേദിയിലേക്ക് കാപ്പനും അണികളും പ്രകടനമായി എത്തും. തുറന്ന വാഹനത്തില്‍ നഗരം ചുറ്റിയെത്തുന്ന കാപ്പനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി. ജെ. ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും.

പാലായിലെ ശക്തി പ്രകടനത്തോടെ മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആകും കാപ്പന്‍ വോട്ട് തേടുക. എന്‍സിപി ദേശീയ സെക്രട്ടറി കെ.ജെ. ജോസ് മോന്‍, സലിം പി. മാത്യു, സുല്‍ഫിക്കര്‍ മയൂരി തുടങ്ങിയ നേതാക്കള്‍ കാപ്പന്‍ പക്ഷത്ത് എത്തിയിരുന്നു. കൂടുതല്‍ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കാപ്പന്‍ അനുകൂലികളുടെ അവകാശവാദം. കാപ്പനിലൂടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ആകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.