പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചതോടെ രാജ്യം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിലേയ്ക്ക്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്പൂർണയോഗം വെള്ളിയാഴ്ച ചേരുന്നതോടെ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വ്യക്തത വരും. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട പ്രഖ്യാപനങ്ങളും രാഷ്ട്രീയ പാർട്ടികൾ അടുത്ത ആഴ്ച മുതൽ പ്രസിദ്ധീകരിക്കും.

കേന്ദ്ര തെരഞെടുപ്പ് കമ്മിഷന്റെ കേരള സന്ദർശനം തുടരുകയാണ്. ഇത് പൂർത്തിയാകുന്നതോറ്റെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള സമ്പൂർണ യോഗത്തിലേയ്ക്ക് കമ്മിഷൻ കടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് കൂടുതൽ ബൂത്തുകൾ കമ്മിഷന് ഉറപ്പാക്കണം. ഇതിനായുള്ള ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയ്ക്ക് അപ്പുറം നീളില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും ഇതിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി. ദേശീയ നേതാക്കളുടെ റാലി ഇതിനകം ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസും ഈ ആഴ്ച മുതൽ നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കും.

ബി.ജെ.പി പശ്ചിമ ബംഗാളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രചാരണം ഒരുക്കുക. അസമിലും പുതുച്ചേരിയിലും ഭരണം നേടാമെന്നും പാർട്ടി കരുതുന്നു. കോൺഗ്രസ് പ്രഥമ പരിഗണന നൽകുന്നത് കേരളത്തിനാണ്. അസമിലും പുതുച്ചേരിയിലും ശക്തമായ പ്രചാരണം നടത്തി അധികാരത്തിലെറാമെന്ന് പാർട്ടി കരുതുന്നു. പശ്ചിമ ബംഗാളിലെ ഇടത് പാർട്ടികളുമായുള്ള സഖ്യവും ഗുണം ചെയ്യും എന്നാണ് പാർട്ടിയുടെ പ്രതീക്ഷ. സി.പി.ഐ.എമ്മും സി.പി.ഐയും ഉൾപ്പടെയുള്ള ഇടത് പാർട്ടികൾ കേരളത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. കോൺഗ്രസ് സഖ്യമുള്ള പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ മികച്ച നേട്ടം ഉണ്ടാക്കാൻ ഇത്തവണ സാധിക്കുമെന്നും ഇടത് പക്ഷം കരുതുന്നു. കാർഷിക സമരവും സാമ്പത്തിക തകർച്ചയും അടക്കമുള്ളവയാകും കോൺഗ്രസിന്റേയും ഇടതുപാർട്ടികളുടേയും പ്രചാരണ ആയുധങ്ങൾ. വികസനവും സാമ്പത്തിക മേഖല തിരിച്ചുവരുന്നതും ദേശീയതയുമാകും ബി.ജെ.പി പ്രചാരണ രംഗത്ത് ഉയർത്തുക.