കര്‍ഷക പ്രക്ഷോഭത്തിന് എതിരായി ട്വിറ്ററില്‍ കുറിപ്പിട്ട ബോളിവുഡ് നടി കങ്കണ റണൗട്ടിന് എതിരെ പ്രതിഷേധം. മധ്യപ്രദേശിലെ ബെടൂല്‍ ജില്ലയില്‍ 250ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഷൂട്ടിംഗ് ലൊക്കേഷന് മുന്‍പില്‍ പ്രതിഷേധിച്ചത്. തൊഴില്‍ ചെയ്യാനുള്ള തന്റെ അവകാശം കോണ്‍ഗ്രസ് നിഷേധിച്ചതായി വിഷയത്തില്‍ കങ്കണ പ്രതികരിച്ചപ്പോള്‍ കര്‍ഷകരുടെ വികാരമാണ് തങ്ങള്‍ അറിയിച്ചതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു.

കങ്കണയുടെ പുതിയ ചിത്രമായ ധാക്കഡിന്റെ ലൊക്കേഷനില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. കര്‍ഷക പ്രക്ഷോഭകര്‍ ഭീകരവാദികളാണെന്ന ട്വീറ്റിനെതിരായിട്ടായിരുന്നു പ്രതിഷേധം. കങ്കണ മാപ്പ് പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരോട് ശക്തമായ ഭാഷയിലായിരുന്നു കങ്കണയുടെ പ്രതികരണം. തന്റെ ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിഡിയോ കങ്കണ ട്വീറ്റ് ചെയ്തു. പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. ഫെബ്രുവരി 18 വരെ ചിത്രീകരണം ഉള്ളതിനാല്‍ കങ്കണ റണൗട്ടിന് മധ്യപ്രദേശ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഷൂട്ടിംഗ് ലൊക്കേഷനിലും വന്‍ പൊലീസ് സന്നാഹത്തെ ആണ് വിന്യസിച്ചിട്ടുള്ളത്.