നന്‍മകള്‍ നേരുന്നു മകളേ നിന്‍ നവ-
ജീവിത പാതയില്‍ നന്‍മകള്‍ നേരുന്നു
ഹൃദയമാംക്ഷേത്രത്തിന്‍ നിവേദ്യം നീ
ഞങ്ങള്‍ക്കു പൂജാമലര്‍

മംഗല്യസ്വപ്നം സാഫല്യമായി
മംഗളകര്‍മ്മത്തിന്‍ സാക്ഷികളായെങ്കിലും
നിന്നാശകള്‍ പൂവണിയാന്‍
അര്‍ച്ചന ചെയ്തിടാമെന്നുമെന്നും

ആദ്യത്തെ ചിരിയില്‍ പേറ്റുനോവുമറന്നമ്മയും
ആദ്യത്തെ ശബ്ദത്തില്‍ ആനന്ദമാടിയച്ഛനും
ഒക്കത്തെടുത്തു നടന്നതും 
പാട്ടുകള്‍ പാടിയുറക്കിയതും
ഓര്‍മ്മകളിന്ന് ആഘോഷമാക്കി 

ഈശ്വരചിന്തയില്‍ സ്വപ്നങ്ങള്‍ നെയ്യണം
ഈശ്വരതുല്യനായി പതിയെ നീ കാണണം
നവഗൃഹത്തിന്‍ ലക്ഷ്മിയും ദാസിയുമാകണം
നിന്നമ്മയെപ്പോലെ എളിമയും വിനയവും നിറയണം

വ്യക്തിബന്ധങ്ങള്‍ കാത്തിടേണം വ്യക്തിത്വ
വൈകല്യമുള്ളവരില്‍ നിന്നകന്നിടേണം
നിന്‍വാക്കുകള്‍ കൊണ്ടാരും മുറിപ്പെടാതെ നോക്കണം
സ്‌നേഹമാം സുഗന്ധം നിന്‍പാതയില്‍ നിറയ്ക്കണം

ത്യാഗസ്‌നേഹ വിശ്വാസ ബഹുമാനങ്ങളാല്‍
ദാമ്പത്യബന്ധം ദൃഢമാക്കണം
ഈഗോയാം പ്രശ്‌നക്കാരനെയകറ്റി
നല്ലൊരു ഭാര്യയുമമ്മയുമാകണം
ചട്ടങ്ങളാം ചാട്ടവാറുകളില്ലാതെ സ്‌നേഹ
ശാസനകളില്‍ വളരണം നിന്‍മക്കള്‍

മാറുന്ന കാലത്തിന്‍ പരിഷ്‌കൃതിയില്‍
തിരയുന്ന ജീവിത സൗഖ്യങ്ങളില്‍
മൂല്യങ്ങള്‍ വെടിയാതെ കഴിയണം
ഭിന്ന പശ്ചാത്തലമാണെങ്കിലും
പുതുജീവിതത്തില്‍ പൊരുത്തപ്പെടേണം

താലോലിച്ചു വളര്‍ത്തിയ തങ്കകുടത്തെ
നവജീവിത പാതയില്ക്കുമ്പോള്‍
ഇടനെഞ്ചറിയാതെ തേങ്ങുന്നു ഞങ്ങടെ
ഇടനെഞ്ചറിയാതെ തേങ്ങുന്നു
കുലീനഗുണ ദീപികേ സുമംഗലിയായി
വാണീടേണം ചിരകാലം നീ