റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ മരിച്ചത് ഉത്തർപ്രദേശ് രാംപുർ സ്വദേശിയായ 27കാരൻ നവരീത് സിം​ഗ്. അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ പാർട്ടി നടത്തുന്നതിനായാണ് ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലെത്തിയത്. അമ്മാവന്മാരുടെ നിർബന്ധത്തെ തുടർന്നാണ് ട്രാക്ടർ റാലിയിൽ പങ്കെടുത്തതെന്നാണ് വിവരം.

ഓസ്ട്രേലിയയിൽ വച്ച് നാളുകൾക്ക് മുൻപായിരുന്നു നവരീതിന്റെ വിവാഹം. പാർട്ടി നടത്തുന്നതിന് വേണ്ടിയാണ് നാട്ടിലെത്തിയത്. അമ്മാവൻമാർ നിർബന്ധിച്ചതോടെ റാലിയിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ട്രാക്ടർ റാലി അക്രമാസക്തമാകുകയും ഐടിഒയിൽവച്ച് നവരീത് മരിക്കുകയുമായിരുന്നു. ട്രാക്ടർ മറിഞ്ഞാണ് നവരീത് മരിച്ചതെന്ന് പൊലീസും, പൊലീസിന്റെ വെടിവയ്പിലാണ് മരണമെന്ന് കർഷകരും ആരോപിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം നവരീതിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചു. വിവാഹാഘോഷം നടക്കേണ്ട വീട്ടിൽ മരണം സംഭവിച്ചതിന്റെ വേദനയിലാണ് ബന്ധുക്കളും നവരീതിന്റെ സുഹൃത്തുക്കളും.

ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയാണ് നവരീത് സിം​ഗ് ഓസ്ട്രേലിയയിലേയ്ക്ക് പോയത്. വിവാഹം കഴിഞ്ഞതോടെ ആഘോഷങ്ങൾക്കായി നാട്ടിലെത്തിയപ്പോഴാണ് ദുരന്തം. നവരീതിനെ രക്തസാക്ഷിയായാണ് ബന്ധുക്കൾ കാണുന്നത്.