ലോകം വാക്സീനു വേണ്ടി നെട്ടോട്ടമോടുമ്പോൾ പത്തു കോടിയും കടന്ന് ആകെ കോവിഡ് ബാധിതരുടെ എണ്ണം. 2019 ഡിസംബറിൽ ചൈനയിൽ റിപ്പോർട്ട് ചെയ്തതു മുതൽ 2021 ജനുവരി 27 വരെ 10,08,12,620 പേരെയാണ് കോവിഡ് ബാധിച്ചത്. ലോക ജനസംഖ്യയുടെ 1.3% പേരെയും ഇതിനോടകം കോവിഡ് ബാധിച്ചു കഴിഞ്ഞു. അനൗദ്യോഗിക കണക്ക് ഇതിലും ഏറെയാണ്.

അഞ്ചു കോടിയിലേക്ക് കോവിഡ് ബാധിതരുടെ എണ്ണമെത്തിയത് 11 മാസമെടുത്താണ്. ഇക്കഴിഞ്ഞ നവംബർ ഏഴിനാണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,04,42,509ൽ എത്തിയത്. അടുത്ത അഞ്ചു കോടി കടക്കാൻ വേണ്ടിവന്നത് രണ്ടരമാസം മാത്രം! ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ പാതിയും യുഎസ്, ഇന്ത്യ, ബ്രസീൽ, റഷ്യ, യുകെ എന്നീ രാജ്യങ്ങളിലാണ്. ലോകജനസംഖ്യയുടെ 28% മാത്രമാണ് ഈ രാജ്യങ്ങളിലെന്നോർക്കണം.

യുകെയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും വ്യാപനശേഷി കൂടിയ പുതിയ വൈറസ് വകഭേദം പരക്കാൻ ആരംഭിച്ചതും ഭീഷണി ഉയർത്തുന്നു. 2021 ആരംഭിച്ചതിനു ശേഷം ഓരോ 7.7 സെക്കൻഡിലും ശരാശരി ഒരാളെ വീതം കോവിഡ് ബാധിക്കുന്നുണ്ടെന്നാണു കണക്ക്. പ്രതിദിനം ശരാശരി 6,68,250 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ജനുവരി എട്ടിനാണ് ലോകത്ത് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രേഖപ്പെടുത്തിയത്– 8,42,885 പേർക്ക്.

ഇതുവരെ 21 ലക്ഷത്തിലേറെ പേർ കോവിഡ് ബാധിച്ചു മരിച്ചു. 2.15 ശതമാനമാണ് കോവിഡ് മരണനിരക്ക്. ഏറ്റവും കൂടുതൽ പേർ ഒരു ദിവസം കോവിഡ് ബാധിച്ചു മരിച്ചത് ഇക്കഴിഞ്ഞ ജനുവരി 20നാണ്– 17,510 പേർ. ജനുവരി 26ന് 15,879 പേരും കോവി‍ഡ് ബാധിച്ചു മരിച്ചു.

അതിനിടെ പല രാജ്യങ്ങളിലും കോവിഡ് വാക്സിനേഷൻ നടപ്പാക്കിത്തുടങ്ങിയെങ്കിലും വികസ്വര രാജ്യങ്ങളിലേറെയും ഇപ്പോഴും വാക്സീനിൽനിന്ന് ഏറെ അകലെയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം ഏകദേശം 56 രാജ്യങ്ങളിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലാകെ 6.4 കോടി ഡോസ് വാക്സീൻ നൽകുകയും ചെയ്തു. ഇസ്രയേലാണ് ഇതിൽ മുന്നിൽ. ജനസംഖ്യയുടെ 29% പേർക്കും ഒരു ഡോസ് വാക്സീനെങ്കിലും ഉറപ്പാക്കാൻ ഇസ്രയേലിനു കഴിഞ്ഞു.

ലോകജനസംഖ്യയുടെ നാലു ശതമാനം മാത്രമാണ് യുഎസിലുള്ളത്. എന്നാൽ ലോകത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 25 ശതമാനവും യുഎസിൽനിന്നാണ് –2.6 കോടിയിലേറെ! പ്രതിദിന കോവിഡ് മരണങ്ങളുടെ ശരാശരി കണക്കിലും യുഎസാണു മുന്നിൽ. ഓരോ ദിവസവും ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന 5 മരണത്തിൽ ഒന്ന് യുഎസിലാണ്. ഇതുവരെ യുഎസിൽ കോവിഡ് ബാധിച്ചു മരിച്ചത് 4.35 ലക്ഷത്തിലേറെ പേർ. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനേക്കാൾ ഇരട്ടിയോളം വരുമിത്. 2.19 ലക്ഷം മരണമാണ് ഇതുവരെ ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്.

ഭൂഖണ്ഡങ്ങളിൽ ഏറ്റവും ഗുരുതരമായി കോവിഡ് ബാധിച്ചത് യൂറോപ്പിനെയാണ്. നിലവിൽ നാലു ദിവസം കൂടുമ്പോൾ 10 ലക്ഷം പുതിയ കേസുകളാണ് യൂറോപ്പിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ മൂന്നു കോടിയോളം പേർക്ക് കോവിഡ് ബാധിക്കുകയും ചെയ്തു. യുകെയിൽ ഇതുവരെ ആകെ മരണം ഒരു ലക്ഷം കടന്നു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണവും അവിടെ ജനുവരി 20ന് റിപ്പോർട്ട് ചെയ്തു–1820 പേരാണ് മരിച്ചത്. ജനുവരി 26ന് മരണം 1631ല്‍ എത്തി. ലോകത്തിലെ ആകെ കോവിഡ് കേസുകളിൽ 10 ശതമാനവും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ റഷ്യ, പോളണ്ട്, യുക്രെയ്ൻ തുടങ്ങിയയിടങ്ങളിലാണ്. നേരത്തേ വാക്സീൻ വിതരണത്തിനുള്ള ഒരുക്കം മിക്ക യൂറോപ്യൻ രാജ്യങ്ങളും നടത്തിയെങ്കിലും ആവശ്യത്തിനു ലഭ്യമാകാത്ത പ്രശ്നമുണ്ട്. ഫൈസർ, ആസ്ട്രാസെനക കമ്പനികളിൽനിന്നുള്ള വാക്സീന്റെ വരവാണ് പ്രതീക്ഷിച്ചതു പോലെ നടക്കാത്തത്.

അതേസമയം, ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ എണ്ണം കുറയുകയാണ്. പ്രതിദിനം ശരാശരി 13,700 എന്ന കണക്കിനാണ് നിലവിൽ ഇന്ത്യയിലെ പുതിയ കോവിഡ‍് രോഗികളുടെ എണ്ണം. സെപ്റ്റംബർ 16ന് രേഖപ്പെടുത്തിയ 97,859 ആണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. അതിന്റെ 15 ശതമാനത്തോളം മാത്രമാണ് ഇപ്പോഴത്തെ പ്രതിദിന എണ്ണം. ഇന്ത്യയ്ക്ക് ആവശ്യമായ വാക്സീൻ രാജ്യത്തുതന്നെ ഉൽപാദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 10 ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് കോവിഡ് വാക്സീൻ ലഭ്യമാക്കിയത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതുവരെ 35 ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിച്ചു. 85,000ത്തിലേറെ പേർ മരിച്ചു. വൻകരയിൽ വാക്സിനേഷനുള്ള ശ്രമം ആരംഭിക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിൽ വ്യാപകശേഷി കൂടിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്. 501വൈ.വി2 എന്നറിയപ്പെടുന്ന ഇതിന് പഴയ വൈറസിനേക്കാൾ 50% അധികം വ്യാപകശേഷിയുണ്ട്. ഇതിനോടകം ഇരുപതോളം രാജ്യങ്ങളിൽ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽനിന്നെത്തുന്ന, യുഎസ് പൗരന്മാരല്ലാത്തവർക്ക് യുഎസിൽ ശനിയാഴ്ച മുതൽ താൽക്കാലിയ യാത്രാവിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ചൈനയിലാകട്ടെ പ്രാദേശികമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് കൂടുകയാണ്. 2020 മാർച്ചിനു ശേഷം ഏറ്റവും ഉയർന്ന തോതിൽ പ്രാദേശികതലത്തിലെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. എന്നാൽ കണക്കുകൾ പതിവുപോലെ ലോകത്തിൽനിന്നു മറച്ചുവച്ചിരിക്കുകയാണെന്നു മാത്രം.