ഇന്ത്യാനാ പൊലീസ് ∙ പൂർണഗർഭിണിയുൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിൽ പതിനേഴ് വയസ്സുകാരനെ ഇന്ത്യാന പൊലീസ് അറസ്റ്റു ചെയ്തു. ഒരു പതിറ്റാണ്ടിനുള്ളിൽ നടക്കുന്ന അതിക്രൂരമായ കൂട്ടകൊലപാതകമാണിതെന്ന് ഇന്ത്യാന പൊലീസ് മെട്രോ പൊലീറ്റൻ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വെടിവെക്കുന്നതിനു യുവാവിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.

ഞായറാഴ്ച രാവിലെയാണ് ഇന്ത്യാന പൊലീസിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാവിലെ നാലു മണിയോടെ വീട്ടിൽ നിന്നും വെടിയുടെ ശബ്ദം കേട്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് നാലു പേരെ വീടിനകത്തും ഒരു യുവാവിനെ പുറത്തും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. അകത്തു കിടന്നിരുന്ന ഗർഭിണിയുൾപ്പെടെ അഞ്ചുപേർ ഇതിനകം മരിച്ചിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഈ യുവാവ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.

കെസ്സി ചൈൽഡ്സ് (42), റെയ്മോണ്ട് ചൈൽഡ്സ് (42), എലെയ്ജ ചൈൽഡ്സ് (18), റിത്ത ചൈൽഡ്സ് (13), പൂർണ്ണ ഗർഭിണിയായ കെയ്റ ഹോക്കിൻസ് (19) എന്നിവരാണ് കൊല്ലപ്പെട്ടവർ. കെയ്റ ഹോക്കിൻസിന്റെ പൂർണ്ണ വളർച്ചയെത്തിയ ഗർഭസ്ഥശിശുവും കൊല്ലപ്പെട്ടു.

പുറത്തു വെടിയേറ്റുകിടന്ന യുവാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചതെങ്കിലും, പിന്നീട് 17 വയസ്സുള്ള പേര് വെളിപ്പെടുത്താത്ത യുവാവിനെ ജനുവരി 25 തിങ്കളാഴ്ച അറസ്റ്റു ചെയ്തതായി പൊലീസ് ചീഫ് റാങ്ങൽ ടെയ്‌ലർ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചു കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിക്കെതിരെ പ്രായപൂർത്തിയായവർക്കെതിരെയുള്ള മർഡർ ചാർജ് വേണമോ എന്ന് പരിശോധിച്ചുവരികയാണെന്ന് ചീഫ് പറഞ്ഞു.