ബോർഡ്ര്-ഗവാസ്കർ ട്രോഫിയിലെ സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച കാണികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. വംശീയാധിക്ഷേപം ആരോപിച്ച് പുറത്താക്കിയ 6 പേരല്ല ശരിയായ കുറ്റവാളികൾ എന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ഐസിസി ഗവേണിംഗ് ബോഡിയോട് പറഞ്ഞു.

സിഡ്നി ടെസ്റ്റിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു അധിക്ഷേപം. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെ, 86ആം ഓവർ പൂർത്തിയാക്കി ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാനെത്തിയ സിറാജിനെയാണ് കാണികൾ അവഹേളിച്ചത്. ഓവറിലെ അവസാന രണ്ട് പന്തുകളിൽ സിറാജിനെ കാമറൂൺ ഗ്രീൻ സിക്സർ അടിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിനിടെ സിറാജിനെയും ബുംറയെയും കാണികൾ അവഹേളിച്ചിരുന്നു.

ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് ഓൾഔട്ടായി നാണം കെട്ട് പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുൻനിര ബൗളർമാരൊക്കെ പരുക്കേറ്റ് പുറത്തായപ്പോൾ റിസർവ് താരങ്ങളും നെറ്റ് ബൗളർമാരും വരെ ഇന്ത്യക്കായി അരങ്ങേറി. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റൻ വിരാട് കോലി പറ്റേണിറ്റി അവധിയിൽ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. എന്നാൽ, സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കീഴിൽ പിന്നീട് ഇന്ത്യ നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു. അഡലെയ്ഡ് ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ സിഡ്നി ടെസ്റ്റിൽ വീരോചിത സമനില പിടിച്ചു. 32 വർഷമായി ഓസ്ട്രേലിയ തോൽവി അറിഞ്ഞിട്ടില്ലാത്ത ഗാബയിൽ അവരെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്. ഗാബയിലെ രണ്ടാം ഇന്നിംഗ്സിൽ 89 റൺസെടുത്ത് പുറത്താവാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യക്ക് ഐതിഹാസിക ജയം സമ്മാനിച്ചത്.