ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തിയത് പഞ്ചാബി നടൻ ദീപ് സിദ്ദുവാണെന്ന റിപ്പോൾട്ടുകൾക്കിടെ താരവും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബിജെപി ബന്ധം തെളിയിക്കുന്നത് എന്നവകാശപ്പെട്ടുകൊണ്ട് ചില ചിത്രങ്ങളും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു. ചെങ്കോട്ടയിൽ പതാക ഉയർത്തിയതിനെ കർഷക നേതാക്കൾ തള്ളിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം ദീപ് സിദ്ദു നിൽക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. ചെങ്കോട്ടയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും സിഖ് പതാക ഉയർത്തിയതും സിദ്ദുവിൻ്റെ നേതൃത്വത്തിലാണെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്.

റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് കർഷകർ ചെങ്കോട്ട പിടിച്ചടക്കി ഖാലിസ്ഥാൻ പതാക ഉയർത്തിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. ദേശീയ പതാക മാറ്റിയിട്ടാണ് കർഷകർ ഖാലിസ്ഥാൻ പതാക സ്ഥാപിച്ചതെന്ന വ്യാജ വാർത്തകളും ഉയർന്നു. ഇതിനു പിന്നാലെയാണ് ഇതിനെ തള്ളി കർഷക സംഘടനകൾ രംഗത്തെത്തിയത്.

ദീപ് സിദ്ദുവിനു ബിജെപിയുമായി ബന്ധമുണ്ടെന്നും അയാളാണ് അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്നും കിസാൻ സഭ പറഞ്ഞു. അത്തരം ഒരു പതാക പാറിയെങ്കിൽ അത് കണ്ടുപിടിക്കേണ്ടത് കേന്ദ്രസർക്കാരാണ്. കിസാൻ സഭയ്ക്ക് അതുമായി ബന്ധമില്ല. അക്രമം തള്ളിപ്പറയുമെന്നും കിസാൻ സഭ പറഞ്ഞു.